2024 അവസാനിക്കാനായി ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോഴിതാ ഈ വർഷം ഏറ്റവും കൂടുതൽ തിരയപ്പെട്ട വാക്കുകളുടെയും സിനിമകളുടെയും ഭക്ഷണങ്ങളുടെയും എല്ലാം ലിസ്റ്റുകൾ പുറത്തുവിടുകയാണ് ഗൂഗിൾ. ഏറ്റവും ഒടുവിലായി ഗൂഗിൾ പുറത്തു വിട്ടിരിക്കുന്നത് 2024ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണങ്ങളെ കുറിച്ചാണ്.
ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ 10 ഭക്ഷണങ്ങളുടെ ലിസ്റ്റ് ഇതാ,
1. പോൺ സ്റ്റാർ മാർട്ടിനി
പേര് കേട്ട് തെറ്റിദ്ധരിക്കേണ്ട, പോൺ സ്റ്റാർ മാർട്ടിനി ഒരു കോക്ക്ടെയിൽ ആണ്. വോഡ്ക, പാസ്സോ, നാരങ്ങ നീര്, പാഷൻ ഫ്രൂട്ട് ജ്യൂസ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പാഷൻ ഫ്രൂട്ട്-ഫ്ളേവർ കോക്ടെയ്ൽ ആണിത്. ഇത് ഷാംപെയ്ൻ ഉപയോഗിച്ച് വിളമ്പുന്നു. 2002-ൽ ഡഗ്ലസ് അങ്ക്രാ സൃഷ്ടിച്ച റെസിപ്പിയായ പോൺ സ്റ്റാർ മാർട്ടിനി 2018 നവംബറിൽ യുകെയിലെ ഏറ്റവും ജനപ്രിയ കോക്ടെയ്‌ലായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2. മാങ്ങാ അച്ചാർ
കഴിഞ്ഞവർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ റെസിപ്പികളിൽ രണ്ടാം സ്ഥാനത്തുള്ളത് നമ്മുടെ സ്വന്തം മാങ്ങ അച്ചാർ ആണ്. പുതുതലമുറയിലെ ധാരാളം പേർക്കാണ് ഗൂഗിൾ കഴിഞ്ഞവർഷം മാങ്ങ അച്ചാറിന്റെ റെസിപ്പി പറഞ്ഞു നൽകിയിട്ടുള്ളത്.
3. ധനിയ പഞ്ചിരി
പരമ്പരാഗത ഇന്ത്യൻ മധുരപലഹാരമായ ധനിയ പഞ്ചിരി ആണ് മൂന്നാം സ്ഥാനത്തുള്ളത്. മല്ലി (ധാനിയ), പരിപ്പ്, ഉണക്കിയ പഴങ്ങൾ, ഗോതമ്പ് മാവ്, നെയ്യ് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്നതാണിത്. ജന്മാഷ്ടമി ദിനത്തിൽ പ്രസാദമായാണ് ധനിയ പഞ്ചിരി വിളമ്പാറുള്ളത്.
4. ഉഗാദി പച്ചടി
വേപ്പ് പൂക്കൾ, പച്ചമാങ്ങ, ശർക്കര, കുരുമുളക്, തേങ്ങ, ഉപ്പ് എന്നിങ്ങനെ ആറ് വ്യത്യസ്ത രുചികൾ സംയോജിപ്പിച്ച് തയ്യാറാക്കുന്ന ഒരു പരമ്പരാഗത വിഭവമാണ് ഉഗാദി പച്ചടി.
തെലുങ്ക് പുതുവർഷത്തിന്റെ ആഘോഷങ്ങൾക്കാണ് ഈ വിഭവം സാധാരണ തയ്യാറാക്കാറുള്ളത്.
5. ചർണാമൃത്
പാൽ, തൈര്, തേൻ, തുളസി ഇലകൾ, ഗംഗാ ജലം എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പവിത്രമായ മധുര പാനീയമാണ് ചർണാമൃത്. പരമ്പരാഗതമായി ജന്മാഷ്ടമിയിലും ഗുരുപൂർണിമയിലും ആണ് ഈ വിഭവം തയ്യാറാക്കപ്പെടാറുള്ളത്.
6. എമ ദറ്റ്ഷി
ഒരു പരമ്പരാഗത ഭൂട്ടാനീസ് വിഭവമായ എമ ദറ്റ്ഷി ഇപ്പോൾ ഇന്ത്യയിലും സൂപ്പർഹിറ്റ് ആണ്. ഇതിന് കാരണം നടി ദീപിക പദുകോൺ എമ ദറ്റ്ഷി തന്റെ ഇഷ്ടവിഭവമാണെന്ന് പറഞ്ഞതാണ്. മുളകുപൊടിയും ചീസും എല്ലാം ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവത്തിന്റെ റെസിപ്പി തേടി നിരവധി പേരാണ് കഴിഞ്ഞവർഷം ഗൂഗിളിനെ സമീപിച്ചത്.
7. ഫ്ലാറ്റ് വൈറ്റ്
സംഭവം നമ്മുടെ കാപ്പി തന്നെയാണ്. പക്ഷേ ക്രീം കൂടി ചേർത്ത് കട്ടിയിൽ തയ്യാറാക്കുന്ന ഈ കാപ്പി 2024 മാർച്ചിൽ ഗൂഗിൾ ഡൂഡിൽ പ്രിയപ്പെട്ട പാനീയമായി പങ്കുവെച്ചിരുന്നു. ഇതോടെ നിരവധി പേരാണ് ഇതിന്റെ റെസിപ്പി അന്വേഷിച്ച് ഗൂഗിളിൽ എത്തിയത്.
8. കഞ്ഞി
കഴിഞ്ഞവർഷം ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണങ്ങളിൽ എട്ടാം സ്ഥാനത്തുള്ളത് നമ്മുടെ സ്വന്തം കഞ്ഞിയാണ്. അതും വെറും കഞ്ഞിയല്ല നല്ല അസ്സൽ പഴങ്കഞ്ഞി ആയിരുന്നു നെറ്റിസൺസിന് കൂടുതൽ പ്രിയം.
9. ശങ്കർപാലി
ശങ്കർപാലി അല്ലെങ്കിൽ ഷക്കർപാര എന്നെല്ലാം അറിയപ്പെടുന്ന ഈ വിഭവം നല്ല കറുമുറാ കൊറിയ്ക്കാൻ പറ്റിയ ഒരു സ്നാക് ആണ്. പഞ്ചസാര, നെയ്യ്, മൈദ, റവ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ഇന്ത്യക്കാരുടെ ഈ പ്രിയപ്പെട്ട സ്നാക്കിന് പുതിയ തലമുറയിലും ധാരാളം ആരാധകരുണ്ട്.
10. ചമ്മന്തി
കഞ്ഞിക്ക് പുറകിലായി ചമ്മന്തിയും ഗൂഗിൾ ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തേങ്ങ, ഇഞ്ചി, ചെറിയ ഉള്ളി, പുളി, മുളക് എന്നിവ ചേർത്ത് തയ്യാറാക്കുന്ന കേരളത്തിന്റെ സ്വന്തം ചമ്മന്തിയ്ക്ക് ഇപ്പോൾ ഇന്ത്യ മുഴുവൻ ആരാധകരുണ്ടത്രേ.
Discussion about this post