പാലക്കാട് : പാലക്കാട് പനയമ്പടത്ത് ലോറി പാഞ്ഞുകയറി മരിച്ച നാല് ഉറ്റ സുഹൃത്തുക്കൾ അടുത്തടുത്ത ഖബറുകളിൽ അന്ത്യനിദ്ര പൂകി. തുമ്പനാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടന്നത്. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത് .
സുഹൃത്തുകളും നാട്ടുക്കാരും എന്നിങ്ങനെ നൂറ് കണക്കിന് ആളുകളാണ് പെൺകുട്ടികളെ അവസാനം ഒരു നോക്ക് കാണാൻ തടിച്ചു കൂടിയത്. കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി, എംഎൽഎമാരായ കെ ശാന്തകുമാരി, രാഹുൽ മാങ്കൂട്ടത്തിൽ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ കുട്ടികൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
ഇന്നലെ വൈകീട്ട് പരീക്ഷ എഴുതി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നാലു വിദ്യാർത്ഥിനികൾക്ക് അപകടം സംഭവിച്ചത്. സിമന്റ് കയറ്റി പോകുകയായിരുന്ന ലോറി കൂട്ടികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ചെറുള്ളി പള്ളിപ്പുറം അബ്ദുൽ സലാമിന്റെയും ഫാരിസയുടെയും മകൾ പി എ ഇർഫാന ഷെറിൻ (13), പെട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവുളേങ്ങിൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ എ എസ് ആയിഷ (13) എന്നിവരാണ് മരിച്ചത്. ഒരു കുട്ടി അതിസാഹസികമായി രക്ഷപ്പെടുകയും ചെയ്തു.
Discussion about this post