ന്യൂഡൽഹി : 2001 ലെ പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യൂ വരിച്ച ധീരഹൃദയർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്ര നരേന്ദ്ര മോദി. ഇവരുടെ ത്യാഗം രാജ്യത്തിന് എന്നെന്നേക്കുമായി പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെൻറ് മന്ദിരത്തിന് മുന്നിൽ നടന്ന അനുസ്മരണ ചടങ്ങിൽ നേതാക്കൾ പുഷ്പാഞ്ജലി അർപ്പിച്ചു.
‘വീരമൃത്യു വരിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു . ഇന്ത്യൻ പാർലമെന്റിനെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ധീരന്മാരുടെ വീര്യവും ത്യാഗവും രാജ്യം അനുസ്മരിക്കുന്നു. അവരുടെ ത്യാഗം നമ്മുടെ രാജ്യത്തെ എക്കാലവും പ്രചോദിപ്പിക്കും. അവരുടെ ധീരതയ്ക്കും സമ്മർപ്പണത്തിനും ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു എന്ന് മോദി എക്‌സിൽ കുറിച്ചു.
2001 ഡിസംബർ 13ന് രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണം നടക്കുന്ന സമയത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന എൽ കെ അദ്വാനി ഉൾപ്പെടെയുള്ളവർ പാർലമെന്റിൽ ഉണ്ടായിരുന്നു. ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു മസൂദ് അസ്ഹറിന്റെ ജയ്ഷ് ഇ മുഹമ്മദ് ഗ്രൂപ്പിലെ അഞ്ച് പാക് തീവ്രവാദികൾ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിലെത്തി ആക്രമണം നടത്തിയത്.
ഭീകരർ പാർലമെന്റിന് നേരെ വെടിയുതിർത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാ സേനയും പാർലമെന്റിലെ സുരക്ഷ ഉദ്യോഗസ്ഥരും അവസരോചിതമായി പോരാടി. ആക്രമണത്തിൽ അഞ്ച് ഭീകരരും 6 പോലീസുകാരുമുൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
Discussion about this post