വാഷിംഗ്ടൺ : കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുക്കുന്നതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പേർ രാജ്യം വിടേണ്ടി വരും. യുഎസ് സർക്കാർ തയ്യാറാക്കിയ നാടുകടത്തൽ പട്ടികയിൽ രേഖകളില്ലാത്ത 18,000 ഇന്ത്യൻ പൗരന്മാരാണ് ഉള്ളത്.
2025 ജനുവരി 20 ന് ആണ് ട്രംപ് യുഎസിന്റെ അധികാരം ഏറ്റെടുക്കുന്നത്. അധികാരമേറ്റാൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് കൃത്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ഏകദേശം 15 ലക്ഷം വ്യക്തികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മെക്‌സിക്കോ, എൽ സാൽവഡോർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ഈ പട്ടികയിൽ കൂടുതലായി ഉൾപ്പെട്ടിട്ടുള്ളത്. ഈ രണ്ടു രാജ്യങ്ങൾക്ക് ശേഷം കൂടുതൽ കുടിയേറ്റക്കാർ ഉള്ളത് ഇന്ത്യയിൽ നിന്നുമാണ്.
17,940 ഇന്ത്യക്കാർ ആണ് നാടുകടത്തപ്പെടേണ്ടവരുടെ പട്ടികയിൽ ഉള്ളത്. കഴിഞ്ഞ ഒക്ടോബറിലും അമേരിക്കയിലെ നിരവധി കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരികെ അയച്ചിരുന്നു. ഇന്ത്യൻ സർക്കാരിന്റെ സഹായത്തോടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ആയിരുന്നു ഇവരെ ഡൽഹിയിൽ എത്തിച്ചിരുന്നത്. കാനഡയും മെക്സിക്കോയും പോലുള്ള വിവിധ രാജ്യങ്ങളിൽ നിന്നും അനധികൃതമായി യുഎസ് അതിർത്തി കടന്ന് കുടിയേറിയ ഇന്ത്യക്കാരാണ് പുറത്താക്കപ്പെടേണ്ടവരുടെ പട്ടികയിൽ കൂടുതലായി ഉള്ളത്.
Discussion about this post