ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂൾ, വസന്ത് കുഞ്ചിലെ റയാൻ ഇൻ്റർനാഷണൽ സ്‌കൂൾ എന്നിവയുൾപ്പെടെയുള്ള സ്‌കൂളുകൾക്ക് നേരെയാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 6:09 ന് ഡിപിഎസ് ആർകെ പുരത്ത് ബോംബ് ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ചതായി ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡൽഹി പോലീസും അഗ്നിശമനസേനയും ഡോഗ് സ്ക്വാഡും ബോംബ് ഡിറ്റക്ഷൻ ടീമും സ്‌കൂളിലെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും തിരച്ചിൽ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. Childrenofallah@outlook.com എന്ന വിലാസത്തിൽ നിന്ന് ബാരി അല്ലാഹ് എന്ന പേരിലാണ് ഇമെയിൽ സന്ദേശം അയച്ചതെന്ന് പോലീസ് പറഞ്ഞു.
‘അല്ലാഹു അവൻ്റെ ശിക്ഷയെ ചെറുക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ കാണുന്നു. പക്ഷേ അവ നിഷ്ഫലമാണ്. കാരണം ഒരു മർത്യനും അല്ലാഹുവിൻ്റെ വിധിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല’- എന്നായിരുന്നു സന്ദേശം.
നിങ്ങളുടെ കെട്ടിടങ്ങളിൽ വിദ്യാർത്ഥികൾ ഉണ്ടാകാനിടയില്ലാത്ത ശനിയാഴ്ച ഞങ്ങള്‍ കെട്ടിടങ്ങൾ തകര്‍ക്കാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ ബോംബ് മുഹമ്മദ് നബിയാല്‍ അനുഗ്രഹിക്കപ്പെട്ടതാണ്. അവരുടെ ലക്ഷ്യം പരാജയപ്പെടില്ല. ഞങ്ങളുടെ കുട്ടികൾ അല്ലാഹുവിൻ്റെ ധീരരായ ദാസന്മാരാണ്. അവർ ലക്ഷ്യം പൂർത്തിയാക്കും. അത് അവരുടെ ചുമതലയാണ്.. എന്നും സന്ദേശത്തില്‍ പറയുന്നു.
രണ്ട് ദിവസത്തിനിടെ സ്കൂളുകള്‍ക്ക് നേരെ ഉയരുന്ന രണ്ടാമത്തെ ഭീഷണിയാണ് ഇത്. വെള്ളിയാഴ്ച പുലർച്ചെ, ദേശീയ തലസ്ഥാനത്തുടനീളമുള്ള കുറഞ്ഞത് 30 സ്കൂളുകളെങ്കിലും ഇമെയിൽ വഴി വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചു. എന്നാൽ, ഡൽഹി പോലീസും ഡൽഹി ഫയർ സർവീസസും (ഡിഎഫ്എസ്) ബോംബ് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ സ്കൂളുകളിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല.
Discussion about this post