ന്യൂയോർക്ക്: സൂര്യനിൽ ഉണ്ടാകുന്ന പൊട്ടിത്തെറികൾ നമുക്ക് പരിചിതമാണ്. ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന സൗരാന്തികക്കൊടുങ്കാറ്റും, ഭൗമകാന്തിക കൊടുങ്കാറ്റുമെല്ലാം ഭൂമിയെ നിരവധി തവണ തൊട്ട് പോയിട്ടുമുണ്ട്. തിളച്ചുമറിയുന്ന ഒരു അഗ്നിപവർവ്വതം പോലെയാണ് സൂര്യൻ. അതുകൊണ്ട് തന്നെ ഇത്തരം പൊട്ടിത്തെറികൾ ഉണ്ടാകുക സ്വാഭാവികം ആണ്. അതൊന്നും തന്നെ നമ്മുടെ ഭൂമിയെയോ നിലനിൽപ്പിനെയോ ബാധിക്കാറില്ല. എന്നാൽ നമ്മുടെ പ്രപഞ്ചത്തെ പോലും ഇല്ലായ്മ ചെയ്യാൻ കെൽപ്പുള്ള പൊട്ടിത്തെറി സൂര്യനിൽ സംഭവിക്കും എന്നാണ് ഇപ്പോൾ ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സയൻസ് ജേണലിന്റെ പുതിയ പതിപ്പിൽ ആണ് ഗവേഷകർ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ആയിരം വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ശക്തിയേറിയ പൊട്ടിത്തെറിയാണ് സൂര്യനിൽ സംഭവിക്കാനിരിക്കുന്നത് എന്ന് ഗവേഷകർ പറയുന്നു. ഈ പൊട്ടിത്തെറിയുടെ ഫലമായി അതിമാരകമായ സൗരകാന്തിക കൊടുങ്കാറ്റ് രൂപം കൊള്ളും. ഇതാണ് വലിയ ഭീഷണി ഉയർത്തുന്നത്.
ബില്യൺ കണക്കിന് വരുന്ന അണുബോംബുകൾ പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്ന ശക്തിയായിരിക്കും ഈ കാറ്റിന് ഉണ്ടാകുക. ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന എനർജി റേഡിയേഷൻ നമ്മുടെ ആശയവിനിമയ സംവിധാനങ്ങളെ പൂർണമായും തകരാറിലാക്കും. നമ്മുടെ കണക്കുകൂട്ടലിനും അപ്പുറമായിരിക്കും ഈ ആഘാതം എന്നും ഗവേഷകർ പറയുന്നു. അതിനാൽ മുൻകരുതൽ വേണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
സൂര്യനിൽ പൊട്ടിത്തെറിയുണ്ടാകുമ്പോൾ സൗരജ്വാലകൾ പ്രവഹിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന കാന്തിക ക്ഷേത്രങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലവുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് സൗരകൊടുങ്കാറ്റുകൾ രൂപം കൊള്ളാറുള്ളത്.
Discussion about this post