മുംബൈ : ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാരിൻ്റെ മന്ത്രിസഭാ വിപുലീകരണം ഞായറാഴ്ച നടന്നു. മന്ത്രിസഭയിൽ ഇന്ന് 39 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. 33 നിയമസഭാംഗങ്ങൾ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആറ് പേർ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
മന്ത്രിസഭാ വിപുലീകരണത്തോടുകൂടി മഹാരാഷ്ട്ര മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 43 ആയി. മുഖ്യമന്ത്രിയും രണ്ട് ഉപ മുഖ്യമന്ത്രിമാരും 39 മന്ത്രിമാരും ആണ് മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിസഭയിൽ ഉള്ളത്. സർക്കാരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് 19 മന്ത്രിസ്ഥാനങ്ങളും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 11 മന്ത്രിമാരും അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് 9 മന്ത്രിമാരും ആണ് ഉള്ളത്.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ഒഴികെയുള്ള എല്ലാ മന്ത്രിമാരുടെയും കാലാവധി രണ്ടര വർഷം ആയിരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ഈ കാലാവധിക്ക് ശേഷം അതുവരെയുള്ള പ്രകടനം വിലയിരുത്തി മാത്രമായിരിക്കും മന്ത്രിസ്ഥാനത്ത് തുടരണമോ എന്നുള്ള കാര്യം തീരുമാനിക്കുക. രണ്ടര വർഷത്തിനുശേഷം പുതിയ ആളുകൾക്ക് അവസരം നൽകാൻ പരമാവധി ശ്രമിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മഹാരാഷ്ട്ര മന്ത്രിമാർക്കുള്ള വകുപ്പുകൾ അനുവദിക്കുമെന്നും ഫഡ്‌നാവിസ് അറിയിച്ചു.
Discussion about this post