ന്യൂഡൽഹി : പുതുവർഷം വരാനിരിക്കെ രാജ്യത്തെ ചെറുകിട കർഷകർക്ക് ആശ്വാസകരമായ വാർത്തയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . ഈടില്ലാതെ നൽകുന്ന കാർഷിക വായ്പകളുടെ പരിധി റിസർവ് ബാങ്ക് ഉയർത്തിയിരിക്കുകയാണ്.
കാര്‍ഷിക മേഖലയ്ക്കുള്ള ഈട് രഹിത വായ്പാ പരിധി 1.6 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായാണ് ഉയര്‍ത്തിയിരിക്കുന്നത്.
2019-ല്‍ ആണ് കാര്‍ഷിക വായ്പകളുടെ പരിധി റിസര്‍വ് ബാങ്ക് അവസാനമായി പുതുക്കിയത്. നേരത്തെ ഒരു ലക്ഷം ആയിരുന്ന വായ്പ പരിധി 2019ൽ 1.6 ലക്ഷമായി ഉയർത്തിയിരുന്നു. നിലവിൽ പുതുക്കിയിട്ടുള്ള പരിധിപ്രകാരം രണ്ട് ലക്ഷം വരെയാണ് ചെറുകിട, നാമമാത്ര കർഷകർക്ക് ഈടില്ലാതെ വായ്പ ലഭിക്കുക. 2025 ജനുവരി 1 മുതൽ ഈ പുതിയ പരിധി പ്രാബല്യത്തിൽ വരും.
ചെറുകിട, നാമമാത്ര ഭൂവുടമകളായ 86 ശതമാനം കര്‍ഷകര്‍ക്കും കാര്യമായ പ്രയോജനം ചെയ്യുന്ന തീരുമാനമാണ് റിസർവ് ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ഈ പുതിയ നടപടി വഴി കർഷകർക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ലഭിക്കുന്ന വായ്പാപരിധി 2 ലക്ഷമായി ഉയരും.
Discussion about this post