ന്യൂഡൽഹി∙ നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടികൊണ്ടുപോയ കേസില്‍ നാലംഗ സംഘം അറസ്റ്റിൽ. സാർത്തക് ചൗധരി, സബിയുദ്ദീൻ, അസിം, ശശാങ്ക് എന്നിവരാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. നടൻ ശക്തി കപൂറിനെ തട്ടികൊണ്ടുപോകാനും സംഘം പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
ഒരു ചടങ്ങിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് ക്ഷണിച്ച് വരുത്തിയ മുഷ്താഖ് മുഹമ്മദ് ഖാനെ വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഉത്തർപ്രദേശിലെ ബിജ്നൂർ ജില്ലയിലെ ഒരു വീട്ടിലേക്കാണ് നടനെ കൊണ്ടുപോയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡും സംഘം കൈക്കലാക്കി.
2.2 ലക്ഷം പിൻവലിച്ചു. തടവിലാക്കിയ ശേഷം മണിക്കൂറുകളോളം മര്‍ദ്ദിച്ചതായും താരം പറയുന്നു. ഇതിന് പിന്നാലെ സംഘത്തിന്റെ പിടിയിൽനിന്ന് മുഷ്താഖ് മുഹമ്മദ് ഖാൻ സ്വയം രക്ഷപ്പെടുകയായിരുന്നു. 1.04 ലക്ഷം സംഘത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മുഷ്താഖ് മുഹമ്മദ് ഖാന്റെ മാനേജർ പോലീസില്‍ പരാതി നൽകിയതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി നടന് ഒക്ടോബർ 15ന് 25000 രൂപ സംഘം അയച്ചു കൊടുത്തിരുന്നു.
പരിപാടികളിൽ പങ്കെടുക്കുന്നതിനായി സിനിമാ താരങ്ങൾക്ക് മുൻകൂറായി പണവും വിമാനടിക്കറ്റും നൽകി ക്ഷണിച്ചു വരുത്തിയശേഷം തട്ടിക്കൊണ്ടുപോകുന്നതാണു സംഘത്തിന്റെ രീതിയെന്നു പോലീസ് പറഞ്ഞു. സമാനരീതിയിലാണ് ശക്തി കപൂറിനെയും തട്ടികൊണ്ടുപോകാൻ പദ്ധതിയിട്ടത്. എന്നാല്‍, ചടങ്ങിൽ പങ്കെടുക്കാൻ ശക്തി കപൂർ ഉയർന്ന തുക മുൻകൂറായി ചോദിച്ചതിനാൽ പദ്ധതി നടപ്പിലായില്ല. ശക്തി കപൂറിന് 5 ലക്ഷം രൂപയാണ് പരിപാടിയിൽ പങ്കെടുക്കാൻ വാഗ്ദാനം നൽകിയത്. സംഘത്തിലുള്ള മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചു.
Discussion about this post