ധാക്ക: 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യ നടത്തിയ സഹായങ്ങളും ത്യാഗങ്ങളും വിസ്മരിച്ച് കുറ്റപ്പെടുത്തലുമായി ബംഗ്ലാദേശ് നേതാക്കൾ രംഗത്ത്. യുദ്ധത്തിലെ വിജയം ബംഗ്ലാദേശിന്റെതാണെന്ന് വരെ നേതാക്കൾ അവകാശപ്പെടുന്നു. ഇന്ത്യ യുദ്ധത്തിലെ വെറും സഖ്യകക്ഷിമാത്രമായിരുന്നുവെന്നും അതിലപ്പുറത്തേക്ക് ഒന്നുമില്ലെന്നുമാണ് കുറ്റപ്പെടുത്തൽ. ബംഗ്ലാദേശിന്റെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനസിന്റെ നിയമഉപദേശകനായ ആസിഫ് നസ്രുളിന്റേതാണ് ഈ വിമർശനം. ബംഗ്ലാദേശിലെ പ്രബലനായ വിദ്യാർത്ഥി നേതാവായ ഹസ്‌നത്ത് അബ്ദുള്ള,ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അംഗം എന്നിവരുൾപ്പെടെയാണ് ഇന്ത്യക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരിട്ടിട്ടുള്ള ഭീഷണിയായാണ് വിദ്യാർത്ഥി നേതാക്കളിൽ ഒരാൾ സന്ദേശം അവതരിപ്പിച്ചത്. ഡിസംബർ 16 ന് ആചരിക്കുന്ന വിജയ് ദിവസ്,1972 ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ നിർണായക വിജയത്തെയാണ് അനുസ്മരിക്കുന്നത്. ഇത് കിഴക്കൻ പാകിസ്താനെ ഇസ്ലാമാബാദിന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനും ബംഗ്ലാദേശിന്റെ പിറവിയ്ക്കും കാരണമായി.
‘ഇന്ന്, വിജയ് ദിവസിൽ, നിർണ്ണായക വിജയം ഉറപ്പാക്കിക്കൊണ്ട്, 1971-ൽ ഇന്ത്യയെ ആത്മാർത്ഥമായി സേവിച്ച എല്ലാ ധീര വീരന്മാർക്കും ഞങ്ങൾ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ വീര്യവും അർപ്പണബോധവും രാഷ്ട്രത്തിന് മഹത്തായ അഭിമാനമായി നിലകൊള്ളുന്നു. അവരുടെ ത്യാഗവും അചഞ്ചലമായ ആത്മാവും എക്കാലവും നിലനിൽക്കും. ജനങ്ങളുടെ ഹൃദയത്തിലും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലും ഇന്ത്യ അവരുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും അവരുടെ അജയ്യതയെ ഓർക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യയെ തള്ളി നേതാക്കളെത്തിയത്.ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു. 1971 ഡിസംബർ 16 ബംഗ്ലാദേശിന്റെ വിജയ ദിനമായിരുന്നു. ഈ വിജയത്തിൽ ഇന്ത്യ ഒരു സഖ്യകക്ഷിയായിരുന്നു, അതിൽ കൂടുതലൊന്നുമില്ല,’ ആസിഫ് നസ്രുൾ ഫേസ്ബുക്കിൽ കുറിച്ചു.ഇസ്‌കോൺ നിരോധിക്കണമെന്നും ജയിലിൽ കഴിയുന്ന ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസ് പ്രഭുവിനെ തൂക്കിലേറ്റണമെന്നും ഹസ്നത്ത് അബ്ദുള്ള നേരത്തെ ആവശ്യപ്പെട്ടിരുന്നു.
‘ഇത് ബംഗ്ലാദേശിന്റെ വിമോചന യുദ്ധമാണ്. പാകിസ്താനിൽ നിന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് യുദ്ധം നടന്നത്. എന്നാൽ ഇത് ഇന്ത്യയുടെ യുദ്ധവും നേട്ടവുമാണെന്ന് മോദി അവകാശപ്പെട്ടു. അങ്ങനെ ചെയ്യുന്നതിലൂടെ അവർ ബംഗ്ലാദേശിന്റെ അസ്തിത്വത്തെ പൂർണ്ണമായും അവഗണിച്ചു,’ അബ്ദുള്ള ഫേസ്ബുക്കിൽ കുറിച്ചു.ഇന്ത്യ ഈ സ്വാതന്ത്ര്യം തങ്ങളുടെ സ്വന്തം വിജയമായി അവകാശപ്പെടുമ്പോൾ, ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയായാണ് ഞാൻ അതിനെ കാണുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയിൽ നിന്നുള്ള ഈ ഭീഷണിക്കെതിരെ നമ്മുടെ പോരാട്ടം തുടരേണ്ടത് അനിവാര്യമാണ്. നമ്മുടെ പോരാട്ടം തുടരണം,’ അബ്ദുള്ള കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) സീനിയർ ജോയിന്റ് സെക്രട്ടറി ജനറൽ റൂഹുൽ കബീർ റിസ്വി കഴിഞ്ഞയാഴ്ച ജയ്പുരി ബെഡ്ഷീറ്റ് കത്തിക്കുകയും ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ആസിഫ് നസ്രുൾ, ഹസ്‌നത്ത് അബ്ദുള്ള എന്നിവർക്കൊപ്പം നരേന്ദ്ര മോദിയുടെ പോസ്റ്റിനെ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
ബിഎൻപിയുടെ ഫോറിൻ റിലേഷൻസ് കമ്മിറ്റി അംഗം ഇഷ്റാഖ് ഹുസൈൻ പ്രധാനമന്ത്രി മോദിയുടെ പോസ്റ്റിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ചു.ഡിസംബർ 16-ന് ബംഗ്ലാദേശിന്റെ വിജയദിനത്തിൽ നരേന്ദ്ര മോദി നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രസ്താവനയെ ഞാൻ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു. മോദിയുടെ വാക്കുകൾ നമ്മുടെ വിമോചനയുദ്ധത്തെയും പരമാധികാരത്തെയും രക്തസാക്ഷികളെയും നമ്മുടെ അന്തസ്സിനെയും തുരങ്കം വെക്കുന്നു. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇത്തരം നീക്കങ്ങൾ സഹായകമാകില്ല. ‘ബിഎൻപി നേതാവ് ഹുസൈൻ എക്സിൽ എഴുതി.
Discussion about this post