പ്രണയിനിയെ ഒരുനോക്ക് കാണാനായി കാതങ്ങൾ താണ്ടിയ കഥയൊക്കെ നാം സിനിമകളിലും യഥാർത്ഥ ജീവിതത്തിലും ധാരാളം കണ്ടിട്ടില്ലേ? പ്രണയമായിരുന്നു ഈ എല്ലാം മറന്നും ത്യജിച്ചുമുള്ള യാത്രകളുടെയെല്ലാം അടിസ്ഥാനം. എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്ന കഥയിലെ നായകനും നായികയും മനുഷ്യരല്ല. രണ്ട് ജീവികളാണ്. രണ്ട് കിടിലൻ കടുവകളാണ് കേന്ദ്രകഥാപാത്രങ്ങൾ. മൂന്ന് വർഷം മുൻപ് തന്റെ ഇണയെ പിരിയേണ്ടിവന്ന ഒരു കടുവ 200 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച ശേഷം അടുത്തിടെ തന്റെ കൂട്ടുകാരിയെ കണ്ടെത്തിയ സംഭവം ആണ് ചർച്ചയാവുന്നത്.ബോറിസ് എന്ന സൈബീരിയൻ (അമുർ) കടുവയാണ് തന്റെ ഇണയായ സ്വെറ്റ്ലയെ കണ്ടെത്താനായി റഷ്യൻ മരുഭൂമിയിലൂടെ മൂന്നുവർഷം കൊണ്ട് 200 കിലോമീറ്റർ സഞ്ചരിച്ചത്.
2012 ൽ റഷ്യയിലെ സിഖോട്ട് -അലിൻ പർവ്വതനിരകളിൽ നിന്ന് അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളായാണ് ബോറിസിനെയും സ്വെറ്റ്ലയയെയും ഒരു സംഘടനയിലെ ആളുകൾക്ക് ലഭിച്ചത്. ഇത്തരത്തിൽ കണ്ടെത്തുന്ന കടുവകളെ അതിജീവനത്തിന്റെ പാഠങ്ങൾ പരിശീലിപ്പിച്ച് കാട്ടിലേക്ക് തിരികെ അയയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പരിപാടിയായിരുന്നു അത്.വംശനാശം വന്നുകൊണ്ടിരിക്കുന്ന കടുവകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.
2014 ൽ 18 മാസം പ്രായമുളളപ്പോൾ അമുർ കടുവകളുടെ ആവാസകേന്ദ്രമായ പ്രി അമുർ മേഖലയിലേക്ക് ബോറിസിനെയും സ്വെറ്റ്ലയെയും വിട്ടയച്ചു. ഇതിന് ശേഷമാണ് ബോറിസിന് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കൂട്ടുകാരി പോയതിൽ പിന്നെ ബോറിസിന്റെ സ്വഭാവമാകെ മാറി. ഇവന്റെ ചലനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന സംരക്ഷകർ അസാധാരണമായ ചില ചലനങ്ങളാണ് കണ്ടത്. ആ പ്രദേശങ്ങളിൽ താമസിക്കുന്ന മറ്റ് കടുവകളിൽനിന്ന് വ്യത്യസ്തമായി ബോറിസ് വനത്തിലൂടെ ഒരു പ്രത്യേക നേർരേഖയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് കണ്ടെത്തി. അങ്ങനെ മൂന്ന് വർഷത്തിനിടയിൽ വലിയ വനപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ബോറിസ് സ്വെറ്റ്ലയുടെ അടുത്തെത്തുകയായിരുന്നു. ഇപ്പോൾ അവർക്ക് ഒരു കുഞ്ഞുപിറന്നിട്ടുണ്ടെന്ന് കടുവകളെ നിരീക്ഷിക്കുന്ന സംഘടനയുടെ പ്രവർത്തകർ പറയുന്നു.
Discussion about this post