തിരുവനന്തപുരം: സെപ്റ്റംബര്‍ ആദ്യവാരത്തില്‍ തുടക്കമായ സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്‌ഡേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.. ഡിസംബര്‍ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുന്‍ഗണനാ കാര്‍ഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങള്‍ മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്‌ഡേഷന്‍ സമയപരിധി 2024 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
സ്മാര്‍ട്ട്‌ഫോണിലൂടെ മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. അപ്‌ഡേഷന്‍ ചെയ്യാന്‍ സാധിക്കാത്ത കിടപ്പ് രോഗികള്‍, കുട്ടികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍ എന്നിവര്‍ക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥറുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തുന്നുണ്ട്.
ഇതുവഴി മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ 100 ശതമാനവും പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സംസ്ഥാനത്തെ എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ഇ-കെവൈസി അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.
Discussion about this post