കൊട്ടാരക്കര: പത്തനാപുരത്തു നിന്ന് മാറി മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ ബി ഗണേഷ്കുമാര്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും പ്രഗത്ഭരായ നേതാക്കളാണ് തനിക്കെതിരെ മത്സരിക്കാന്‍ വന്നത്. എന്നാല്‍ ജനങ്ങള്‍ കൈവിട്ടില്ല. പത്തനാപുരത്തോട് വൈകാരികമായ അടുപ്പമാണ് തനിക്കുള്ളതെന്നും ഗണേഷ്കുമാര് മാധ്യമങ്ങളോട് പറഞ്ഞു.
പൊതു പ്രവര്ത്തകന് എന്ന നിലയില്‍ എവിടെയും മത്സരിക്കാന്‍ തയ്യാറാണ് . എന്നാല്‍ പത്തനാപുരത്ത് നിന്ന് മാറി മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കെ ബി ഗണേഷ്കുമാര് വ്യക്തമാക്കി.
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഏറെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വേദിയായ മണ്ഡലം കൂടിയാണ് പത്തനാപുരം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരിക്കുകയും മന്ത്രി സ്ഥാനം നഷ്ടമാവുകയും അതിന് ശേഷം മുന്നണിയില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് ബിയും ഗണേഷ്കുമാറും വിട്ടുപോവുകയും ചെയ്തു.
കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് ഗണേഷ്കുമാര് ജനവിധി തേടിയതെങ്കില്‍ ഇത്തവണ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇടത് മുന്നണിയുടെ സംഘടനാ സംവിധാനവും ഒന്നിക്കുമ്പോള്‍ ജയം അനായാസമാകുമെന്ന പ്രതീക്ഷയിലാണ് ഗണേഷ്കുമാര് ക്യാംപ്.
Discussion about this post