ക്വാലാലംപൂര്‍: പരസ്യമായി ഭക്ഷണശാലയിലിരുന്ന് പുകവലിച്ചതിന് മന്ത്രിക്ക് തന്നെ ശിക്ഷ. മലേഷ്യന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഹസനാണ് ശിക്ഷ ലഭിച്ചത്. രാജ്യത്തെ ആരോഗ്യമന്ത്രിയാണ് വിവരം പുറത്തുവിട്ടത്. നെഗേരി സെമ്പിലാനി സംസ്ഥാനത്തെ ഭക്ഷണശാലയിലിരുന്നാണ് മുഹമ്മദ് ഹസ്സന്‍ പുകവലിച്ചത്. നിരോധിത സ്ഥലത്തെ പുകവലി ശിക്ഷാര്‍ഹമായ വലിയ കുറ്റമാണ്. മന്ത്രി പുകവലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
2019 ലാണ് രാജ്യത്തെ എല്ലാ ഭക്ഷണശാലകളിലും റെസ്റ്റോറന്റുകളിലും പുകവലി നിരോധിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ നിയമം കൂടുതല്‍ കടുപ്പിക്കുകയും ചെയ്തിരുന്നു. പുകവലിച്ചതിന് ശിക്ഷിക്കപ്പെട്ട വിവരം വിദേശകാര്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ടവരില്‍ നിന്ന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് ഹസന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തെറ്റ് സംഭവിച്ചതില്‍ അദ്ദേഹം മാപ്പുപറയുകയും ചെയ്തു. സംഭവം പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്കയും പ്രശ്‌നവുമായി മാറിയിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്താന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മന്ത്രിപറഞ്ഞത്. എത്രയാണ് പിഴത്തുകയെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. പിഴ ഉടന്‍ അടയ്ക്കുമെന്നും വലിയ തുകയായിരിക്കില്ലെന്ന അതെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചിത്രങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപെയ്ന്‍ നടന്നിരുന്നു. ആരായാലും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് കമന്റുകളുയര്‍ന്നിരുന്നു.
Discussion about this post