ന്യൂഡൽഹി : പത്ത് ലക്ഷം പേർക്ക് 21 ജഡ്ജിമാർ എന്നതാണ് രാജ്യത്തെ ജഡ്ജി – ജന സംഖ്യ അനുപാതമെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ. സുപ്രീം കോടതി ,ഹൈക്കോടതി , കീഴ്‌ക്കോടതി എന്നിവിടങ്ങളിലെ ജഡ്ജിമാരുടെ അനുവദിക്കപ്പെട്ട തസ്തികകളുടെ അടിസ്ഥാനത്തിലാണ് ജഡ്ജി ജനസംഖ്യ അനുപാതം കണക്കാക്കുന്നത് എന്ന് നിയമമന്ത്രി പറഞ്ഞു. രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2014 ൽ സുപ്രീംകോടതി ജഡ്ജിമാരുടെ അനുവദിക്കപ്പെട്ട എണ്ണം 31 ആണ്. മൂന്ന് തസ്തികകൾ കൂടി അനുവദിച്ച് 34 ആയി ഉയർത്തി. 2014 ൽ ഹൈക്കോടതി ജഡ്ജിമാരുടെ അനുവദിക്കപ്പെട്ട എണ്ണം 906 ആണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഹൈക്കോടതി ജഡ്ജിമാരുടെ 216 തസ്തികകൾ കൂടി അനുവദിച്ചു . ഇപ്പോൾ ഹൈക്കോടതികളിൽ 1122 തസ്തികകളാണ് ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഇപ്പോൾ ഹൈക്കോടതികളിൽ ജഡ്ജിമാരുടെ രണ്ട് ഒഴിവുകൾ നികത്താനുണ്ട്. സ്ഥിരം ജഡ്ജിമാരുടെ 35 ഉം അഡീഷണൽ ജഡ്ജിമാരുടെ 12 ഉം തസ്തികകളാണ് കേരള ഹൈക്കോടതിക്ക് അനുവദിച്ചിട്ടുള്ളത് . നിലവിൽ 30 സ്ഥിരം ജഡ്ജിമാരും 15 അഡീഷണൽ ജഡ്ജിമാരുടെ കേരള ഹൈക്കോടതിയിലുള്ളത്. അനുവദിക്കപ്പെട്ട എണ്ണത്തിനെക്കാൾ മൂന്ന് അഡീഷണൽ ജഡ്ജിമാരാണ് അധികമായുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി, ഹൈക്കോടതികൾ, ജില്ലാ, സബോർഡിനേറ്റ് കോടതികൾ എന്നിവയുൾപ്പെടെ ഇന്ത്യൻ കോടതികളിൽ നിലവിൽ 5.15 കോടി കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡിൽ (എൻജെഡിജി) നവംബർ 30 വരെ ലഭ്യമായ കണക്കുകൾ പ്രകാരം തീർപ്പുകൽപ്പിക്കാത്ത മൊത്തം കേസുകളിൽ 82,171 എണ്ണം സുപ്രീം കോടതിയിലാണ്. ഹൈക്കോടതികൾ 57.82 ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നു.
Discussion about this post