ന്യൂഡല്‍ഹി: രണ്ട് ദശാബ്ദങ്ങൾക്കുമുമ്പ് ട്രാവല്‍ ഏജന്റിന്റെ ചതി യില്‍ പാകിസ്താനിലേക്ക് കടത്തിക്കൊണ്ടുപോയ ഇന്ത്യന്‍ വനിത തിരികെ നാട്ടിലെത്തി. മുംബൈ സ്വദേശിയായ ഹമീദ ബാനുവാണ് 22 വർഷങ്ങൾക്ക് ശേഷം ഇന്ത്യയില്‍ തിരികെ എത്തിയത്. ലാഹോറിലെ വാഗാ അതിര്‍ത്തി വഴിയാണ് ഹമീദ ബാനു രാജ്യത്തെത്തിയത്.
2002-ല്‍ ആണ് ഇവർ പാകിസ്താനിലെ ഹൈദരാബാദില്‍ എത്തിയത്. ദുബായില്‍ പാചകക്കാരിയായി ജോലി വാഗ്ദാനം ചെയ്ത ഏജന്റ് കബളിപ്പിച്ച് ആണ് ഇവരെ പാകിസ്താനിലെത്തിച്ചത്.
കഴിഞ്ഞ 22 വർഷമായി താൻ ജീവിച്ചിരിക്കുന്ന ശവമായിട്ടാണ് കഴിഞ്ഞതെന്ന് ഹമീദ ബാനു പ്രതികരിച്ചു. പാകിസ്താനില്‍ കുടുങ്ങിപോവുകയും കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതെയാവുകയുമായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഈ ദിവസം കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. കുടുംബവുമായി വീണ്ടും ഒന്നിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു.
ഹമീദ ബാനുവിന്റെ ദുരവസ്ഥ ഒരു പ്രാദേശിക യൂട്യൂബറായ വലിയുള്ള മറൂഫ് പങ്കുവച്ചിരുന്നു. ഇന്ത്യയിലെ കുടുംബവുമായി ബന്ധപ്പെടാന്‍ മറൂഫിന്റെ വ്ളോഗ് ആണ് വയോധികയെ സഹായിച്ചത്. 18 മാസങ്ങൾക്ക് ശേഷം ഹമീദ ബാനുവിന്റെ ചെറുമകൻ അവരെ യൂട്യൂബ് വീഡിയോയിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post