ന്യൂഡൽഹി: രാജ്യസഭയിൽ ഡോ.ബി.ആർ.അംബേദ്കറെ കേന്ദ്രമന്ത്രി അമിത് ഷാ അപമാനിച്ചുവെന്ന് ആരോപിച്ച കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഭരണഘടനാ ശിൽപി ബിആർ അംബേദ്കറെ വർഷങ്ങളോളം കോൺഗ്രസ് അപമാനിക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മോദി അംബേദ്കറിനെതിരായ കോൺഗ്രസിന്റെ ‘പാപങ്ങൾ’ എണ്ണിയെണ്ണി എക്‌സിൽ കുറിച്ചു. അംബേദ്കറുടെ പൈതൃകം ഇല്ലാതാക്കാനും എസ്‌സി /എസ്ടി ജനതയെ അപമാനിക്കാനും കോൺഗ്രസ് വൃത്തികെട്ട തന്ത്രങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ആളാണ് അംബേദ്കറെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
കോൺഗ്രസും അതിന്റെ ചീഞ്ഞളിഞ്ഞ ആവാസവ്യവസ്ഥയും വർഷങ്ങളോളം ചെയ്ത തെറ്റുകൾ, പ്രത്യേകിച്ച് ഡോ. അംബേദ്കറോടുള്ള അവഹേളനം മറയ്ക്കാൻ കഴിയുമെന്ന് കരുതുന്നുവെങ്കിൽ, അത് വെറും തെറ്റുദ്ധാരണകൾ മാത്രമാണ് എന്ന് മോദി ചൂണ്ടിക്കാട്ടി. ഡോ. അംബേദ്കറെ അവഹേളിക്കുകയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്ത കോൺഗ്രസിന്റെ ഇരുണ്ട ചരിത്രം അമിത് ഷാ പാർലമെന്റിൽ തുറന്നുകാട്ടി. അദ്ദേഹം അവതരിപ്പിച്ച വസ്തുതകൾ കേട്ട് കോൺഗ്രസ് സ്തംഭിച്ചു നിൽക്കുകയായിരുന്നു. അതിനാലാണ് അവർ ഇപ്പോൾ നാടകീയ രംഗങ്ങളിലേക്ക് നീങ്ങുന്നത്. ഖേദകരം എന്ന് മോദി പറഞ്ഞു.
‘കഴിഞ്ഞ ദശകത്തിൽ ഡോ. അംബേദ്കറുടെ ദർശനം നിറവേറ്റാൻ നമ്മുടെ സർക്കാർ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്. ഏത് മേഖലയായാലും – അത് 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക, എസ്സി/എസ്ടി നിയമം ശക്തിപ്പെടുത്തുക, നമ്മുടെ ഗവൺമെന്റിന്റെ പ്രധാന പരിപാടികളായ സ്വച്ഛ് ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, ഉജ്ജ്വല യോജന എന്നിവയും അതിലേറെയും, ഇവ ഓരോന്നും പാവപ്പെട്ടവരിലേക്ക് എത്തിയിട്ടുണ്ട് എന്ന് മോദി കൂട്ടിച്ചേർത്തു.
Discussion about this post