ന്യൂഡൽഹി: യുപിഐ സേവനങ്ങൾ നമ്മുടെ ദൈനംദിന പണമിടപാട് ശീലത്തെ പാടെ മാറ്റി. ഇന്ന് ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ആർക്കും പണമിടപാട് നടത്താം. എത്ര വലിയ തുകയും ഒറ്റ ക്ലിക്കിൽ കൈമാറ്റം ചെയ്യാൻ കഴിയും എന്നത് യുപിഐ പേയ്‌മെന്റ് രീതിയെ കൂടുതൽ പ്രിയപ്പെട്ടത് ആക്കുന്നു. പണ്ട് കാലത്ത് കയ്യിൽ പണവുമായി എങ്ങോട്ടെങ്കിലും പോകുമ്പോൾ ഭയക്കണം ആയിരുന്നു. ആരെങ്കിലും മോഷ്ടിച്ചാൽ മുതല് പോയി. എന്നാൽ ഈ യുപിഐ പേയ്‌മെന്റ് സംവിധാനം വന്നതോട് കൂടി ഈ തലവേദന ഒഴിവായി കിട്ടി. ഇന്ന് ഭൂരിഭാഗം പേരുടെയും പഴ്‌സുകളും പോക്കറ്റും കാലി ആയിരിക്കും.
യുപിഐ പേയ്‌മെന്റ് രീതികൾ പൊതുവെ സുരക്ഷിതം ആണ്. എന്നാൽ ഇത് ഉപയോഗിച്ചും പണം തട്ടുന്ന സംഘങ്ങൾ സജീവമാണ്. അതുകൊണ്ട് തന്നെ ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ന് ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ക്യൂആർ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പാണ്.
പേയ്‌മെന്റ് രീതി എളുപ്പമാക്കാൻ കടകളിലും സ്ഥാപനങ്ങളിലുമെല്ലാം ക്യൂആർ കോഡ് സ്ഥാപിച്ചിരിക്കുന്നത് എല്ലാവരും കണ്ടുകാണും. എന്നാൽ യഥാർത്ഥ കോഡിന് പകരം വ്യാജ ക്യൂആർ കോഡ് സ്ഥാപിച്ചാണ് തട്ടിപ്പ് സംഘം പണം തട്ടാറുള്ളത്. കടകളിലും മറ്റ് സ്ഥാപനങ്ങളിലുമെല്ലാം ഉടമയുടേതിന് പകരം അവരുടെ ക്യൂആർ കോഡ് സ്ഥാപിക്കും. ഇത് അറിയാതെ ഈ കോഡ് സ്‌കാൻ ചെയ്ത് നമ്മൾ പണം അടയ്ക്കുമ്പോൾ അവരുടെ അക്കൗണ്ടിലേക്ക് ആയിരിക്കും തുക എത്തുക.
ഇനി മറ്റ് ചില കോഡുകൾ സ്‌കാൻ ചെയ്യുമ്പോൾ ആപ്പ് ഡൗൺലോഡ് ചെയ്യാനായുള്ള നിർദ്ദേശം ആയിരിക്കും തെളിഞ്ഞുവരിക. അറിയാതെ ഇത് ഡൗൺലോഡ് ചെയ്താൽ വലിയ സാമ്പത്തിക നഷ്ടം ആയിരിക്കും നമുക്ക് സംഭവിക്കുക. ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതുവഴി നമ്മുടെ ബാങ്കിന്റെ വിവരങ്ങൾ തട്ടിപ്പ് സംഘങ്ങളിലേക്ക് എത്തും. ഇത് പ്രയോജനപ്പെടുത്തി ഇവർ പണം തട്ടും.
സുരക്ഷിതമായ യുപിഐ പേയ്‌മെന്റുകൾക്കായി ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. നാം പണമയക്കുന്ന മെർച്ചന്റിന്റേതാണോ അക്കൗണ്ട് ഉറപ്പുവരുത്തുകയാണ് ഇതിന്റെ ആദ്യ പടി. ഇതിനായി ക്യൂ ആർ സ്‌കാൻ ചെയ്ത ശേഷം ലഭിക്കുന്ന അക്കൗണ്ട് ഉടമയുടെ പേര് ചോദിച്ച് മനസിലാക്കാം. ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശം ലഭിച്ചാൽ തുടർപ്രവർത്തനങ്ങളിൽ നിന്നും പിന്മാറുക. യുപിഐ ഇടപാടിനായി ഉപയോഗിക്കുന്ന അക്കൗണ്ടിൽ 3000 രൂപ വരെ മാത്രം സൂക്ഷിക്കാം.
Discussion about this post