കൊച്ചി; നഗരസഭ വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. കൊടുവള്ളി,ഫറോക്ക്,മുക്കം,പാനൂർ,പയ്യോളി,പട്ടാമ്പി,ശ്രീകണ്ഠാപുരം നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാർഡ് വിഭജനം ആശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയാണ് ഹൈക്കോടതി പരീക്ഷിച്ചത്.
2011ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് 2015ൽ വാർഡ് വിഭജിച്ചത്. ഇതിന് ശേഷം വാർഡ് വിഭജനം നടത്തണമെങ്കിൽ പുതിയ സെൻസെസ് വേണമെന്നാണ് ഹർജിയിൽ പറയുന്നത്.പുതിയ സെൻസസ് നിലവിലില്ലാതെ പഴയതിന്റെ അടിസ്ഥാനത്തിൽ തന്നെ വാർഡ് പുനർവിഭജനത്തിനുള്ള നീക്കം സെൻസസ് നിയമത്തിന്റെയും ചട്ടത്തിന്റെയും കേരള മുനിസിപ്പൽ ആക്ടിലെ 6(2) വകുപ്പിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. നിലവിലുള്ള 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് 2015ൽ വാർഡ് വിഭജനം നടന്നിട്ടുള്ളത്. പുതിയ സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, 2019 ഡിസംബർ 31ന് ശേഷം വാർഡ് പുനർ വിഭജനം സാധ്യമല്ലെന്നാണ് ഹർജിയിൽ പറയുന്നത്.
ഇപ്പോൾ നടത്തിയിട്ടുള്ള വാർഡ് പുനർവിഭജനം നിയമപരമായി നിലനിൽക്കില്ല എന്നതാണ് ഹൈക്കോടതി നിരീക്ഷണം. വാർഡ് പുനർവിഭജനത്തിന് അടിസ്ഥാനമാക്കേണ്ടത് സെൻസസ് ആണെന്ന് കോടതി വ്യക്തമാക്കി.
Discussion about this post