കാട്ടിൽ ഒരു വലിയ യുദ്ധം നടക്കുകയാണ്…ഈ അടി ശക്തരായ രണ്ട് പേർ തമ്മിലാണ് രാജാവായ സിംഹവും സുന്ദരനായ കടുവയും തമ്മിൽ…ആര് ജയിക്കും? ആര് വീഴും? സംശയമെന്ത് സിംഹം തന്നെ. രാജാവ്, രാജാവ് എന്ന് ചുമ്മാ പറയുന്നതല്ല, സിംഹം ഹീറോയാടാ ഹീറോ എന്ന് ലയൺ ആരാധകരും. കിരീടം പോലെ സടയില്ലേലും കരുത്തിൽ ഞങ്ങളാടാ കില്ലാടികളെന്ന് കടുവഫാൻസും വാദിക്കുന്നു. ഹെലിഡയെന്ന കുടുംബത്തിലെ രണ്ട് കൂട്ടർ തമ്മിൽ പോരടിക്കുമ്പോൾ വിജയം ആർക്കെന്ന് ഉറപ്പിച്ച് പറയുക പ്രയാസം. കുടുംബക്കാരായ പാണ്ഡവരും കൗരവരും തമ്മിൽ പോരടിച്ച് കരുത്തരാരെന്ന് തെളിയിച്ചത് പോലെ ഒരു യുദ്ധത്തിലൂടെ തന്നെയേ ഇതിന് തീരുമാനമാകൂ. കടുവയോ കേമൻ അതോ സിംഹമോ എന്ന് ഉത്തരം ലഭിക്കണമെങ്കിൽ രണ്ട് താരങ്ങളുടെയും കഴിവുകളും കഴിവുകേടുകളും അറിയണം.
സ്വർണനിറത്തിൽ തിളങ്ങുന്ന നിറഞ്ഞ സടയും ജ്വലിക്കുന്ന കണ്ണുകളും ശാന്തവും അതേസമയം പ്രൗഢവുമായ ശരീരഭാഷയും ഒത്തിണങ്ങിയ ജീവി. കാട്ടിലെ രാജാവാകാൻ ഇതിൽകൂടുതൽ എന്ത് യോഗ്യതയാണ് നമ്മുടെ വേണ്ടത്? ബിഗ് ക്യാറ്റ് കുടുംബത്തിൽ വലിപ്പത്തിൽ രണ്ടാമതുള്ള ജീവി. ഒന്നാമനാരെന്ന് വഴിയേ അറിയാം…പാന്തെറ ലിയോ എന്ന കിടിലൻ ശാസ്ത്രനാമം. കാർണിവോറ എന്ന ഓർഡറിൽ, ഫെലിഡേ കുടുംബത്തിൽ പാന്തെറ ജെനുസിൽ ലിയോ എന്ന സ്പീഷിസിലാണ് ഇവരുടെ സ്ഥാനം.മാർജാര ഇനങ്ങളിലെ പ്രധാനിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?ഏഷ്യയിൽ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തുള്ള ഗിർ വനങ്ങളിലും ആഫ്രിക്കയിലെ സബ്സഹാറൻ പ്രദേശങ്ങളിലുമാണ് ഇന്ന് ഇവ അവശേഷിക്കുന്നത്. പരമാവധി 300 സെന്റി മീറ്റർ വരെ നീളം. ഭാരം 280 കിലോഗ്രാം വരെ വന്നേക്കാം. വേഗതയാകട്ടെ മണിക്കൂറിൽ 50 കിലോമീറ്ററും. കുടുംബം നിലനിർത്തുന്നതിലും തങ്ങളുടെ അധീനതയിലുള്ള സ്ഥലം അടയാളപ്പെടുത്തുന്നതിലും വേട്ടയാടുന്നതിലും സമൂഹജീവിതം നയിക്കുന്നതിലുമെല്ലാം സിംഹങ്ങൾ പ്രസിദ്ധരാണ്. കുട്ടികളും കുടുംബവുമൊക്കെയായി ജനനവും മരണവും ഒക്കെ സംഘത്തിൽ വച്ച് തന്നെ സംഭവിക്കുന്നത്.
ഒരാൾ തീരാതെ ഈ പോരാട്ടം അവസാനിക്കില്ല || സിംഹവും കടുവയും ഏറ്റുമുട്ടിയാൽ
സിംഹത്തിന്റെ വാഴ്ത്തുപാട്ടുകൾ ഇങ്ങനെയൊക്കെയാണെങ്കിൽ കരുത്തിൽ ഒട്ടും പുറകിലല്ല കടുവ. നമ്മുടെ ദേശീയമൃഗമായ കടുവയാണ് ശരിക്കും കാട്ടിലെ താരം എന്ന് പറയേണ്ടി വരും. ലയൺ ഫാൻസ് ഒന്ന് ക്ഷമിക്കൂ..കടുവ അലറിയാൽ കാട് വളരുമെന്ന ചൊല്ല് പോലുമുണ്ട്. പാന്തെറ ടൈഗ്രീസ് എന്ന് ശാസ്ത്രനാമം. പൂച്ച കുടുംബത്തിലെ ഏറ്റവും വലിയ അംഗം.അമ്പിന്റെ വേഗത്തെ സൂചിപ്പിക്കുന്ന ടൈഗ്രാ എന്ന പേർഷ്യൻ പദത്തിൽനിന്നാണ് ടൈഗർ ഉണ്ടായത്. മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ ഓടാൻ കടുവക്ക് കഴിയും. പരമാവധി 330 സെന്റിമീറ്റർ വരെ നീളം. 350 കിലോഗ്രാംവരെ ശരീരഭാരവും ഇവയ്ക്കുണ്ട്. ഇന്ന സ്ഥലത്തേ ജീവിക്കൂം ഇന്നതേ തിന്നൂ എന്നൊന്നും കടുവയ്ക്ക് നിർബന്ധമില്ല. ഏത് പരിതസ്ഥിതിയിലും വളരും അതിന് പുൽമേടെന്നോ ഉഷ്ണമേഖല മഴക്കാടുകളെന്നോ കണ്ടൽക്കാടുകളെന്നോ ഇല്ല. കടുവയില്ലെങ്കിൽ പ്രകൃതിദത്തെ ഭക്ഷ്യ ശൃംഖല തന്നെ തകരുമെന്ന് ചുരുക്കം.
കടുവയുടെയും സിംഹത്തിന്റെ പുരാണം അവിടെ നിൽക്കട്ടെ ശരിക്കും ഇവർ തമ്മിൽ യുദ്ധമുണ്ടായാൽ ആര് ജയിക്കും? അതറിയാൻ ഇത്തിരികാലം പിറകോട്ട് പോണം. ഇത്തിരി ചരിത്രബോധമൊക്കെ ആവാമല്ലോ. പണ്ട് റോമാചക്രവർത്തിമാർക്കുൾപ്പെടെയുള്ള ഒരു ഹോബിയായിരുന്നു ആഫ്രിക്കൻ ലയണിനെയും ബംഗാൾ ടൈഗറിനെയും തമ്മിൽ പോരടിപ്പിക്കുക എന്നത്. മത്സരം ശക്തരായ രണ്ട് പ്രതിയോഗികൾ തമ്മിലാണെങ്കിൽ ഹരം കൂടുമല്ലോ.. ഈ മത്സരങ്ങളിൽ മിക്കവാറും എല്ലാത്തിലും കടുവകൾ സിംഹത്തെ കൊന്ന് കളയുകയാണ് പതിവ്.
എന്താണ് കാരണം…നമ്മുടെ സിംഹം ആനയെ വരെ കൊല്ലുന്നയാളാണല്ലോ..കാട്ടുപോത്തും കാണ്ടാമൃഗവുമെല്ലാം സിംഹത്തിന് ഒരു പ്രതിയോഗിയേ അല്ല, പിന്നെയെന്താണ് ഈ കടുവയ്ക്ക് മുന്നിൽ തോറ്റ് തൊപ്പിയിടുന്നത് എന്നാണോ ലയൺ ഫാൻസിന്റെ സംശയം? സിംഹങ്ങൾ ഈ കണ്ട സാഹസങ്ങളെല്ലാം ചെയ്ത് കൂട്ടുന്നത് സംഘബലത്തിലാണ്. നേരത്തെ പറഞ്ഞതുപോലെ പ്രൈഡ് ആണ് ഇരകളെ വീഴ്ത്തുന്നത്. നായകനെപോലെ ഒരു സിംഹം സംഘത്തെ മുന്നിൽ നിന്ന് നയിക്കും.. ഇരകളെ വീഴ്ത്തും. എന്നാൽ ദ റിയൽ ഹീറോയുടെ ഉദയം ദാ ഇവിടെയാണ്.. കടുവകളും ഈ കണ്ട ജീവികളെയെല്ലാം തട്ടും. പക്ഷേ കൂട്ടമായല്ല… ഒറ്റയ്ക്ക്. തെലുഗു സിനിമകളിൽ നായകൻ ഒരുകൂട്ടം വില്ലൻമാരെ ഒറ്റയ്ക്ക് അടിച്ചിടുന്നത് പോലെ ഒറ്റയ്ക്കാണ് പോരാട്ടവും വീര്യവും. അതായത് സംഘബലത്തിൽ ലീഡറായി സിംഹം വിലസുമ്പോൾ ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ എന്ന് അഭിമാനത്തോടെ പറയുന്നവരാണ് കടുവകൾ. ശാരീരികമായ ശക്തി രണ്ടിനും രണ്ട് തരത്തിലായതിനാൽ ആര് ജയിക്കും എന്നത് സാഹചര്യങ്ങളെ അനുസരിച്ചിരിക്കും.
താൻ ഒറ്റയ്ക്കാണെന്നും തന്നെ സഹായിക്കാൻ ആരുമില്ലെന്നും കൃത്യമായി അറിയാവുന്നവനാണ് കടുവ. അതുകൊണ്ട് ആദ്യം മുതൽ കൊല്ലാൻ ലക്ഷ്യമിട്ട് തന്നെയാണ് കടുവ ആക്രമിക്കുക. ശക്തമായ ആക്രമണം തന്നെ നടത്തും. എന്നാൽ സിംഹം അങ്ങനെയല്ല. സംഘമായി ആക്രമണം നടത്തുന്ന ജീവിയായതിനാൽ പ്രഹരങ്ങളേൽപ്പിച്ചതിനു ശേഷം അടുത്താൾക്ക് ബാറ്റൺ കൈമാറുന്ന സ്വഭാവം സിംഹത്തിന്റെ പ്രത്യേകതയാണ്. സ്വാഭാവികമായും സിംഹം അഗ്രസീവ് അല്ല.. എന്നാൽ കടുവയാകട്ടെ അങ്ങേയറ്റം അഗ്രസീവാണ് താനും. കടിയുടെ ശക്തി അഥവാ ബൈറ്റ് ഫോഴ്സ് കണക്കിലെടുത്താൽ സിംഹം കടുവയെ പിന്നിലാക്കുമെന്നാണ് വിവിധ കണക്കുകൾ പറയുന്നത്. എന്നാൽ കടുവയ്ക്കും സിംഹത്തോടൊപ്പം ബൈറ്റ് ഫോഴ്സുണ്ടെന്നും വാദങ്ങളുണ്ട്.
പൊതുവെ കടുവയും സിംഹവും തമ്മിൽ കാട്ടിൽ യുദ്ധമുണ്ടാകാറില്ല. ഇരുകൂട്ടരും ജീവിക്കുന്ന പ്രദേശങ്ങൾ വ്യത്യസ്തമായതാണ് കാരണം. കടുവ ഇടതൂർന്ന വനങ്ങൾ ഇഷ്ടപ്പെടുമ്പോൾ സിംഹത്തിന്റെ വിഹാരരംഗം കാട്ടിലെ പുൽമേടുകളാണ്. വന്യജീവി സങ്കേതങ്ങളിൽ സംഘർഷത്തിനു സാദ്ധ്യതയുണ്ടെങ്കിലും അപൂർവ്വമാണ് . പണ്ട് കാലത്ത് വിനോദത്തിനായി സിംഹത്തെയും കടുവയേയും തമ്മിൽ യുദ്ധം ചെയ്യിച്ചിരുന്നു. കൂടുതൽ മത്സരങ്ങളിലും വിജയം കടുവകൾക്കായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.
അതായതുത്തമാ .. ഞങ്ങൾ തമ്മിൽ അങ്ങനെ അടിയൊന്നും നടക്കാറില്ല.. ഞങ്ങളുടെ പേരിൽ വേണമെങ്കിൽ നിങ്ങൾ തല്ലിക്കോ എന്നാണ് പൂച്ചക്കുടുംബത്തിലെ ഈ മല്ലന്മാർ പറയുന്നത്..
Discussion about this post