ലോകത്തിന് നാശം വിതയ്ക്കുന്ന അടുത്ത മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് അമേരിക്കയില്‍ നിന്നാവാമെന്ന് മുന്നറിയിപ്പ് നല്‍കി വിദഗധര്‍. സ്‌പെയിനില്‍ നിന്നുള്ള ലാ വാംഗ്വാര്‍ഡിയ എന്ന ദിനപത്രത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. എച്ച്5എന്‍1 അഥവാ പക്ഷിപ്പനിക്ക് ജനിതകവ്യതിയാനം സംഭവിക്കുന്നത് തുടരുമെന്നും അമേരിക്കയിലുടനീളം പടരുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വന്യമൃഗങ്ങളില്‍ നിന്ന് വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളിലേക്ക് വൈറസ് പകരാനുള്ള സാധ്യത വര്‍ധിക്കുകയും ഇതുവഴി മനുഷ്യരിലേക്ക് എത്തുകയും ചെയ്യുമെന്നാണ് നിരീക്ഷണം. അമേരിക്കയിലെ പക്ഷിപ്പനി വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു.
ഈ വര്‍ഷംമാത്രം അമേരിക്കയില്‍ 58പേര്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി അടുത്തെത്തിയെന്നും ഏതുസമയവും പുതിയൊരു മഹാമാരിക്ക് കാരണമായേക്കാമെന്നും സാംക്രമികരോഗ വിദഗ്ധനായ മെഗ് ഷേഫര്‍ പറഞ്ഞു.
അമേരിക്കയിലെ പശുക്കള്‍ക്കിടയില്‍ വ്യാപിക്കുന്ന പക്ഷിപ്പനിക്ക് ഒരു ജനിതകവ്യതിയാനം കൂടി സംഭവിച്ചാല്‍ എളുപ്പത്തില്‍ മനുഷ്യരിലേക്ക് പടരുമെന്ന് സയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
പക്ഷിപ്പനി അപകടകരമായി വ്യാപിക്കുന്ന രീതിയില്‍ അടുത്തെത്തിയിരിക്കുന്നുവെന്ന് വൈറലോളജിസ്റ്റായ എഡ് ഹച്ചിന്‍സണ്‍ പറഞ്ഞു.
പൂച്ചകളിലൂടെ പക്ഷിപ്പനി എളുപ്പം മനുഷ്യരിലേക്ക് പടരുമെന്ന് കഴിഞ്ഞദിവസം ടെയ്‌ലര്‍ ആന്റ് ഫ്രാന്ഡസിസ് എന്ന കമ്പനിക്ക് കീഴില്‍ പ്രസിദ്ധീകരിച്ച ജേണലില്‍ പറഞ്ഞിരുന്നു.പൂച്ചകളില്‍ പക്ഷിപ്പനി വൈറസ് ബാധിക്കുകയും ശേഷം അവയ്ക്ക് വകഭേദം സംഭവിച്ച് സ്ഥിരമായി ഇടപഴകുന്ന മനുഷ്യരിലേക്ക് പകരുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
Discussion about this post