തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാർഥിയെ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ആറാം അഡീഷ്ണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതി അമൽ, രണ്ടാം പ്രതി മിഥുൻ, മൂന്നാം പ്രതി അലൻ, നാലാം പ്രതി വിധു എന്നീ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വിധി.
ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ജാമ്യ ഹർജിയിൽ വിധി വരുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി നിർദേശിച്ചിരുന്നു.
രണ്ടാം വർഷ ബിഎ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാർത്ഥിയായ മുഹമ്മദ് അനസിനെ (19) ആണ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ദേഹോപദ്രവം ഏൽപ്പിച്ചത്. പാർട്ടി പതാകകൾ സ്ഥാപിക്കാൻ മതിൽ കയറാൻ പ്രതികൾ തന്നോട് നിർദ്ദേശിച്ചു, എന്നാൽ തൻ്റെ അവശത കാരണം അദ്ദേഹം നിസ്സഹായനാണെന്ന് അവകാശപ്പെട്ടു. ഇത് അവരെ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടാൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട് . നിരന്തരമായി വിവാദ വാർത്തകളിൽ പെടുന്നതിനെ തുടർന്നാണ് നിർദ്ദേശം.
Discussion about this post