മുംബൈ: ബോട്ടപകടത്തിൽ മലയാളി ദമ്പതികളും ഉൾപ്പെട്ടതായി സംശയം. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ആറു വയസുകാരൻ മലയാളത്തിൽ സംസാരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഉറാനിലെ ജെഎൻപിടി ആശുപത്രിയിൽ ആണ് ആറുവയസ്സുകാരൻ നിലവിൽ ഉള്ളത്.
അച്ഛനും അമ്മയും ഒപ്പം ഉണ്ടായിരുന്നുവെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറയുന്നത്. സൈറ്റ് സീയിംഗിനായി രക്ഷിതാക്കളോടൊപ്പം പോയത് ആയിരുന്നു കുട്ടി. ഇതിനിടെയാണ് അപകടം ഉണ്ടായത്. അതേസമയം അപകടത്തിൽ പരിക്കേറ്റവരെല്ലാം മുംബൈയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ കൂട്ടത്തിൽ കുട്ടിയുടെ അമ്മയുണ്ടോയെന്ന് തിരിച്ചറിയുന്നതിനുള്ള ശ്രമം തുടരുകയാണ്. ബന്ധുക്കൾക്ക് തിരിച്ചറിയുന്നതിനായി കുട്ടിയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയെ തിരിച്ചറിയുന്ന നാട്ടിലുള്ളവർ 6235968937എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ബോട്ടപകടത്തിൽ കാണാതയവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെ 13 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇനിയും മരണ സംഖ്യ ഉയരുമെന്നാണ് സൂചന. ആകെ 110 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ചികിത്സയിൽ കഴിയുന്ന 20 പേരിൽ നാല് പേരുടെ നില അതീവ ഗുതുതരമാണ്.
അറബിക്കടലിൽ മുംബൈ തീരത്ത് നീൽകമൽ എന്ന ബോട്ടാണ് മറിഞ്ഞത്. യാത്രികരുമായി എലിഫന്റ് ഐലന്റിലേക്ക് പോകുകയായിരുന്നു ബോട്ട്. ഇതിനിടെ എൻജിൻ ട്രയൽ നടത്തുകയായിരുന്ന ബോട്ട് ഇടിയ്ക്കുകയായിരുന്നു.
Discussion about this post