മുംബൈ : മുംബൈയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചതിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ സഹായവും മോദി പ്രഖ്യാപിച്ചു.
‘മുംബൈയിലെ ബോട്ട് അപകടത്തിൽ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്ന് ‘പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. സ്പീഡ് ബോട്ടിടിച്ച് തകർന്ന യാത്ര ബോട്ടിൽ നൂറിലധികം പേരുണ്ടായിരുന്നു.101 പേരെ രക്ഷപ്പെടുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.
രക്ഷപ്പെട്ടവരിൽ ചിലർ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ലഭിക്കുന്ന വിവരം.എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം ഉണ്ടായത്. നീൽകമൽ എന്ന യാത്ര ബോട്ടിൽ ആറു പേർ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിച്ചതിനെത്തുടർന്നാണ് അപകടം.
സ്പീഡ് ബോട്ട് നിയന്ത്രണംവിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന അറിയിച്ചു. നാവികസേനാ ബോട്ടിന്റെ എഞ്ചിൻ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിൻ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ് പരിശോധന നടത്തുമ്പോൾ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം. നാവികസേനയുടെ ബോട്ടിൽ 2 നാവികസേനാംഗങ്ങളും എൻജിൻ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉൾപ്പെടെ 6 പേർ ഉണ്ടായിരുന്നതായും അധികൃതർ അറിയിച്ചു.
Discussion about this post