വാഷിങ്ടണ്‍: ആണവായുധ ശേഷിയുള്ള ദീര്‍ഘദൂര ബാലസിറ്റിക് മിസൈല്‍ പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയായിരുന്നു പാകിസ്താന്‍. എന്നാല്‍ ഇതില്‍ പാകിസ്താന് ഉപരോധമേര്‍പ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അമേരിക്ക. പാക് സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ആയുധ വികസന ഏജന്‍സിക്കുള്‍പ്പെടെയാണ് അമേരിക്കയുടെ ഉപരോധം ബാധകമാവുക.
പാകിസ്താന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ നാഷണല്‍ ഡെവലപ്മെന്റ് കോംപ്ലക്സ്, അക്തര്‍ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, റോക്സൈഡ് എന്റര്‍പ്രൈസ് തുടങ്ങിയവയ്ക്കാണ് ഉപരോധം ബാധകമാകുക. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം തടയുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് പാകിസ്താന് മേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത്.
അതേസമയം അമേരിക്കയുടെ ഈ ഉപരോധത്തോട് വളരെ കടുത്ത ഭാഷയിലായിരുന്നു പാകിസ്താന്റെ പ്രതികരണം. അമേരിക്കയുടെ നടപടി തികഞ്ഞ പക്ഷപാതപരവും ദൗര്‍ഭാഗ്യകരവുമെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഉപരോധ വാര്‍ത്തയോട് പ്രതികരിച്ചത്. ഈ മേഖലയിലെ പ്രാദേശിക സ്ഥിരതയ്ക്ക് ഉപരോധം ഭീഷണിയാകുമെന്നാണ് പാകിസ്താന്‍ പറയുന്നത്.
ഉപരോധത്തില്‍ പെട്ട നാഷണല്‍ ഡെവലപ്മെന്റ് കോംപ്ലക്സ് ആണ് പാകിസ്താന്റെ ദീര്‍ഘദൂര മിസൈല്‍ വികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. അടുത്തിടെ പരീക്ഷിച്ച ഷഹീന്‍ മിസൈല്‍ വികസിപ്പിച്ചതും ഇവരാണ്. ഈ കാരണത്താലാണ് ഉപരോധമേര്‍പ്പെടുത്തിയത്. ഷഹീന്‍ മിസൈലിന് ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുമുണ്ട്.
Discussion about this post