വിവാഹചടങ്ങിനിടെ അതിശൈത്യം താങ്ങാനാവാതെ വരന്‍ ബോധംകെട്ടുവീണു. ഇതോടെ വധു വിവാഹത്തില്‍നിന്ന് പിന്മാറി. ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ഞായറാഴ്ചയാണ് സംഭവം. ഘോര്‍മര സ്വദേശിയായ അര്‍ണവും ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ അങ്കിതയും തമ്മില്‍ നടക്കാനിരുന്ന വിവാഹമാണ് വിചിത്രമായ കാരണത്താല്‍ അവസാന നിമിഷം മുടങ്ങിയത്.
അര്‍ണവിന്റെ നാട്ടില്‍വെച്ച് തുറന്ന മണ്ഡപത്തിലായിരുന്നു വിവാഹച്ചടങ്ങുകളെല്ലാം നടന്നത് ചടങ്ങിന്റെ അവസാന ഭാഗമായി വധൂവരന്മാര്‍ അഗ്‌നിക്ക് വലംവെക്കാനൊരുങ്ങവേ അര്‍ണവ് വിറയ്ക്കുകയും ബോധംകെട്ടുവീഴുകയുമായിരുന്നു. ഉടന്‍തന്നെ അര്‍ണവിനെ ബന്ധുക്കള്‍ സമീപത്തെ മുറിയില്‍ കൊണ്ടുപോയി പ്രഥമശുശ്രൂഷ നല്‍കുകയും ഡോക്ടറെ വിളിച്ചുവരുത്തുകയും ചെയ്തു. അതിശൈത്യവും ഉപവാസവുമാണ് അര്‍ണവ് ബോധംകെട്ടുവീഴാന്‍ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.
ഒന്നരമണിക്കൂറിന് ശേഷമാണ് അര്‍ണവിന് ബോധം വീണ്ടെടുക്കാനായത്. ഇതോടെ വധുവായ അങ്കിതയ്ക്ക് അര്‍ണവിന്റെ ആരോഗ്യത്തേക്കുറിച്ച് ആശങ്കയുണ്ടാവുകയും വിവാഹത്തില്‍നിന്ന് പിന്മാറുകയുമായിരുന്നു. തണുപ്പത്ത് ബോധം കെട്ടുവീഴാന്‍ കാരണമായ എന്തോ ആരോഗ്യപ്രശ്നം ഉണ്ടെന്ന് ഭയന്നതാണ് വിവാഹം മുടങ്ങുന്നതിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇക്കാരണം മാത്രമല്ല, വരന്റെ വീട്ടിലേക്ക് വിവാഹഘോഷയാത്രയായി പോയത് അങ്കിതയുടെ കുടുംബമായിരുന്നു. എന്നാല്‍ ആചാരപരമായി നോക്കിയാല്‍ വരനും കുടുംബവുമാണ് വിവാഹഘോഷയാത്രയുമായി വധൂഗൃഹത്തിലേക്ക് വരിക. ഈ പതിവ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് അങ്കിത ചോദ്യം ഉന്നയിച്ചതും തര്‍ക്കത്തിനിടയാക്കി.
Discussion about this post