കോഴിക്കോട്: ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി പോലീസ്. ഷജീലിനായി അന്വേഷണ സംഘം ഇതിനോടകം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ തള്ളി. സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസിൽ എന്തിന് മുൻകൂർ ജാമ്യമെന്ന നിലപാടാണ് ജില്ലാ കോടതി എടുത്തത്. ഈ സാഹചര്യത്തിൽ പൊലീസിന് മുന്നിൽ ഹാജരാവുകയല്ലാതെ പ്രതിക്ക് മുന്നിൽ വേറെ വഴിയില്ല . അല്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കണം.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഒൻപതോടെയാണ് ചോറോട് മേൽപ്പാലത്തിന് സമീപം അപകടമുണ്ടായത്. അപകടത്തിൽ 62 വയസുകാരിയായ പുത്തലത്ത് ബേബി മരിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആവുകയും ചെയ്തിരുന്നു. വാഹനം ഇടിച്ചു എന്നറിഞ്ഞിട്ടും ഷജീൽ കാർ നിർത്താതെ പോവുകയായിരുന്നു. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ ഉന്നയിച്ചത്.
Discussion about this post