ഗുവാഹത്തിയിലെ ബർസപ്പാറ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ ന്യൂസിലാൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 3-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കി. കേവലം 10 ഓവറിലാണ് ഇന്ത്യ 154 റൺസ് എന്ന വിജയലക്ഷ്യം മറികടന്നത്. ഇതോടെ തുടർച്ചയായി ടി 20 പരമ്പരകൾ ജയിച്ചുവന്ന ഇന്ത്യ ആ ശീലം ഇന്നലെയും തുടർന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിനെ ജസ്പ്രീത് ബുംറയുടെ കൃത്യതയാർന്ന യോർക്കറുകളാണ് വരിഞ്ഞുമുറുക്കിയത്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനേ അവർക്കായുള്ളൂ. മധ്യനിരയിൽ ഗ്ലെൻ ഫിലിപ്‌സ് നടത്തിയ പോരാട്ടം മാത്രമാണ് സ്കോർ 150 കടത്തിയത്. ഇന്ത്യക്ക് വേണ്ടി ബുംറ മൂന്നും, സ്പിന്നർ രവി ബിഷ്ണോയ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
154 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. മലയാളി താരം സഞ്ജു സാംസൺ (0) നിരാശപ്പെടുത്തിയെങ്കിലും, ഓപ്പണർ അഭിഷേക് ശർമ്മ സിക്സറുകളുടെ പെരുമഴയാണ് ഗുവാഹത്തിയിൽ തീർത്തത്. വെറും 14 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച അഭിഷേക്, ന്യൂസിലാൻഡ് ബൗളർമാരെ സ്റ്റേഡിയത്തിന്റെ നാലുപാടും പറപ്പിച്ചു. ക്യാപ്റ്റൻ സൂര്യകുമാർ യാദവും (57*) തകർത്തടിച്ചതോടെ 10 ഓവറിൽ തന്നെ ഇന്ത്യ ലക്ഷ്യം കണ്ടു.
“ഇന്ത്യക്ക് രണ്ട് ടീമുകളെ ലോകകപ്പിന് അയക്കാം, അവർ രണ്ട് പേരും സെമിയിൽ എത്തും” എന്ന മുൻ കിവി താരം സൈമൺ ഡൗളിന്റെ കുറച്ച് നാളുകൾക്ക് മുമ്പുള്ള പരാമർശം ഈ മത്സരത്തോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. 2026 ടി20 ലോകകപ്പിന് ഇന്ത്യ സജ്ജമാണെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ വിജയം.













Discussion about this post