സഞ്ജു സാംസൺ നേരിടുന്ന കടുത്ത സമ്മർദ്ദങ്ങൾക്കിടയിൽ താരത്തിന് പൂർണ്ണ പിന്തുണയുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ആർ. അശ്വിൻ രംഗത്തെത്തിയിരിക്കുകയാണ്. ഫോമിന്റെ അടിസ്ഥാനത്തിൽ ഓരോ മത്സരത്തിലും താരങ്ങളെ മാറ്റുന്ന ‘സർക്കസ്’ അവസാനിപ്പിക്കണമെന്നും സഞ്ജുവിനെ ഓപ്പണർ സ്ഥാനത്ത് തന്നെ നിലനിർത്തണമെന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
“സഞ്ജു നന്നായി കളിക്കുമ്പോൾ അവനെ ടീമിലെടുക്കുകയും, ഇപ്പോൾ ഇഷാൻ കിഷൻ ഒരു കളിയിൽ തിളങ്ങിയപ്പോൾ സഞ്ജുവിനെ പുറത്താക്കി അവനെ കളിപ്പിക്കുകയും ചെയ്യുന്നത് ശരിയായ രീതിയിലുള്ള ടീം സെലക്ഷൻ അല്ല. ഇത്തരം സർക്കസ് കളികൾ ഇന്ത്യക്ക് എങ്ങനെയുള്ള അന്ത്യമാകും നൽകുക എന്ന് ഞാൻ പറയേണ്ടതില്ലല്ലോ. സഞ്ജു പുറത്തായത് അമിതമായ ആവേശം കൊണ്ടല്ല, മറിച്ച് തന്റെ സ്വാഭാവികമായ അക്രമണ ശൈലിയിൽ കളിക്കാൻ ശ്രമിച്ചപ്പോഴാണ്.” അശ്വിൻ പറഞ്ഞു.
സഞ്ജുവിന് സമ്മർദ്ദം കൂടാനുള്ള കാരണങ്ങൾ
ഇഷാൻ കിഷന്റെ തകർപ്പൻ തിരിച്ചുവരവ്: റായ്പൂരിൽ നടന്ന മത്സരത്തിൽ കിഷൻ 32 പന്തിൽ 76 റൺസ് അടിച്ചുകൂട്ടിയത് സഞ്ജുവിന്റെ സ്ഥാനത്തിന് ഭീഷണിയായിട്ടുണ്ട്.
തിലക് വർമ്മയുടെ തിരിച്ചുവരവ്: പരിക്കേറ്റ തിലക് വർമ്മ തിരിച്ചെത്തിയാൽ ടീമിൽ ഒരു വിക്കറ്റ് കീപ്പർക്ക് മാത്രമേ സ്ഥാനം ലഭിക്കൂ. നിലവിലെ ഫോം അനുസരിച്ച് അത് കിഷനാകുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്.
ശുഭ്മൻ ഗില്ലിനെ പുറത്താക്കിയത്: സഞ്ജുവിനെ വിശ്വസിച്ച് ഗില്ലിനെ ലോകകപ്പ് ടീമിൽ നിന്ന് പോലും മാറ്റിയ സാഹചര്യത്തിൽ സഞ്ജുവിന്റെ ഓരോ പരാജയവും സെലക്ടർമാരെയും പ്രതിക്കൂട്ടിലാക്കുന്നു.
പരമ്പരയിലെ അടുത്ത മത്സരം വിശാഖപട്ടണത്താണ് നടക്കുന്നത്. സഞ്ജുവിന്റെ കരിയറിലെ തന്നെ ഏറ്റവും നിർണ്ണായകമായ മത്സരമായിരിക്കും ഇത്. സ്വന്തം നാടായ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന മത്സരത്തിൽ സഞ്ജു കളിക്കുമോ എന്നത് വിശാഖപട്ടണത്തെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.













Discussion about this post