പട്‌ന; സർക്കാർ സ്‌കൂളുകളിൽ വിതരണം ചെയ്യാനിരുന്ന കോഴിമുട്ട മോഷ്ടിച്ച് പ്രിൻസിപ്പൽ. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. മുട്ട മോഷ്ടിക്കുന്ന പ്രിൻസിപ്പലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വന്നിരുന്നു. സംഭവം ചർച്ചയായതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.
സ്‌കൂൾ പ്രിൻസിപ്പൽ സുരേഷ് സാഹ്നിയോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മോഷണത്തിൽ പ്രിൻസിപ്പലിനെതിരെ കേസെടുത്തിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ മോശമാക്കുന്ന നടപടിയാണ് പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ കഴിഞ്ഞ ഡിസംബർ 12 നാണ് സംഭവം നടന്നത് സ്‌കൂളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യേണ്ടിയിരുന്ന കോഴിമുട്ട പ്രിൻസിപ്പൽ കവറിലാക്കി വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രതിഷേധം നടത്തി. അതേസമയം, കോഴിമുട്ട വീട്ടിലേക്ക് കൊണ്ടു പോയിട്ടില്ലെന്നും സ്‌കൂളിലെ പാചകക്കാരന് നൽകുകയാണ് ഉണ്ടായതെന്നുമാണ് പ്രിൻസിപ്പൽ സുരേഷ് സാഹ്നിയുടെ വിശദീകരണം.
Discussion about this post