ബംഗളൂരു: പോത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ഡിഎൻഎ പരിശോധനയിലൂടെ പരിഹരിക്കാൻ ഉത്തരവിട്ട് കോടതി. കർണാടകയിലെ ദേവൻഗിരി ജില്ലയിലായിരുന്നു സംഭവം. കുനിബേലാക്കർ, കുലഗട്ടെ എന്നീ ഗ്രാമങ്ങൾ തമ്മിലാണ് പോത്തിന്റെ പേരിൽ കലഹിക്കുന്നത്.
40 കിലോ മീറ്ററാണ് ഇരു ഗ്രാമങ്ങളും തമ്മിലുള്ള അകലം. പോത്തിനുമേൽ അവകാശവാദം ഉന്നയിച്ച് കുലഗട്ടെ ഗ്രാമമാണ് ആദ്യം രംഗത്ത് എത്തിയത്. കുനിബേലാക്കർ ഗ്രാമത്തിലെ ക്ഷേത്രത്തിൽ പോത്തിനെ കണ്ടതാണ് തർക്കത്തിന് തുടക്കം ഇട്ടത്. തങ്ങളുടേതാണ് പോത്ത് എന്നും. രണ്ട് മാസം മുൻപ് ഇതിനെ കാണാതാകുകയായിരുന്നുവെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. എന്നാൽ ഈ വാദം തെറ്റാണെന്ന് വ്യക്തമാക്കി കുനിബേലാക്കർ ഗ്രാമവാസികൾ രംഗത്ത് എത്തി. ഇതോടെ തർക്കം ആരംഭിക്കുകയായിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന പോത്താണ് ഇതെന്നും. എട്ട് വർഷം മുൻപ് ക്ഷേത്രത്തിൽ കാഴ്ചവച്ച പോത്താണ് ഇതെന്നും ഇവർ പറഞ്ഞു. ഇതോടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം കോടതിയിൽ എത്തുകയായിരുന്നു. പ്രശ്‌നം പരിശോധിച്ച കോടതി ഡിഎൻഎ ടെസ്റ്റിനായി ഉത്തരവിട്ടു.
2021 ൽ സമാനരീതിയിൽ ഉള്ള തർക്കം കോടതിയ്ക്ക് മുൻപിൽ എത്തിയിരുന്നു. ഇത് പരിഹരിച്ചത് ഡിഎൻഎ പരിശോധനയിലൂടെയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പോത്തിന്റെ ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവിട്ടത്. നിലവിൽ പോത്ത് പോലീസ് കസ്റ്റഡിയിൽ ആണ്. പരിശോധനയ്ക്കായി പോത്തിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
Discussion about this post