കൊച്ചി : വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ചാണ് പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഹർജി നൽകിയിരിക്കുന്നത്. നാമനിർദ്ദേശ പത്രികയിൽ സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
മറച്ചുവയ്ക്കലിലൂടെ വോട്ടർമാരിൽ തെറ്റായ സ്വാധിനം ചെലുത്തുന്ന നടപടിയാണ് പ്രിയങ്കാ ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നാമനിർദ്ദേശ പത്രിക സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകി എന്നത് മുൻനിറുത്തി പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണം എന്നാണ് ഹർജിയിലെ പ്രധാന വാദം.
അതേസമയം ആദായനികുതി അടവുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാർദ്ര നൽകിയ കണക്കുകളിൽ ക്രമക്കേട് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ബി ജെ പി ആരോപണം ഉന്നയിച്ചിരുന്നു.
വർഷങ്ങളായി വദ്രയുടെ വരുമാന പ്രഖ്യാപനങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കാൻ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവും സർക്കാർ വൃത്തങ്ങൾ ഉയർത്തിക്കാട്ടി. ഉദാഹരണത്തിന്, 2023-24 ൽ അദ്ദേഹം വാർഷിക വരുമാനം പ്രഖ്യാപിച്ചത് 15.09 ലക്ഷം രൂപ മാത്രമാണ്, ആദ്യ രണ്ട് സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 9.35 ലക്ഷം രൂപയും 9.03 ലക്ഷം രൂപയുമാണ്.
പ്രിയങ്കാ ഗാന്ധിയുടെ വോട്ടെടുപ്പ് സത്യവാങ്മൂലം പ്രകാരം വദ്രയുടെ ആസ്തി 66 കോടി രൂപയായി കാണിച്ചപ്പോഴാണ് ഈ പൊരുത്തക്കേട് വെളിപ്പെട്ടത്.
Discussion about this post