കൊച്ചി: ഇരുപത്തി നാലാമത് മിസ് കേരള മത്സത്തിലെ വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം വൈറ്റില സ്വദേശി മേഘ ആനറണി ഒന്നാം സ്ഥാനം കരസ്ഥമാക്കി മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടു . കോട്ടയം സ്വദേശി അരുന്ധതിയാണ് ഫസ്റ്റ് റണ്ണറപ്പ്. തൃശ്ശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നിയെ സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് മിസ് കേരള കിരീടം ചൂടിയ മേഘ ആന്റണി.
വിവിധ ഘട്ടങ്ങളിലെ മത്സരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാന ഘട്ട മത്സരത്തിൽ പങ്കെടുത്തത് . വെള്ളിയാഴ്ച രാത്രിക്ക് കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ഫൈനൽ നടന്നത് . വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന വ്യത്യസ്ഥ വിധികർത്താക്കൾ വ്യക്തിത്വത്തിന്റെയും സൗന്ദര്യത്തിന്റെയും അടിസ്ഥാനത്തിൽ വിജയികളെ തെരഞ്ഞെടുക്കുകയായിരുന്നു.
ഡിസംബർ ആദ്യവാരമാണ് ഓഡിഷനുകൾ തുടങ്ങിയത്. ഇതൊക്കെ മറികടന്നാണ് മൂന്നൂറിലധികം മത്സരാർത്ഥികളിൽ നിന്ന് അഴകും അറിവും ആത്മവിശ്വാസവും നിറഞ്ഞ 19 സുന്ദരികൾ ഫൈനലിൽ എത്തിയത്. മൂന്ന് റൗണ്ടുകളാണ് ഗ്രാന്റ് ഫിനാലെയിൽ ഉണ്ടായിരുന്നത്. പ്രമുഖ ഡിസൈനർമാർ ഒരുക്കിയ പരമ്പരാഗത, പാശ്ചാത്യ വസ്ത്രങ്ങളിൽ മത്സരാർത്ഥികൾ റാമ്പിലെത്തി. ഇതിൽ നിന്നും ഏറ്റവും മികച്ചവരെ ജൂറി തിരഞ്ഞെടുക്കുകയായിരുന്നു.
Discussion about this post