പാലക്കാട്: വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിനെ തുടർന്ന് തർക്കം. ഇതേ തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ തല്ലിത്തകർത്തു. കോട്ടയ് സ്വദേശി മൻസൂറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമിസംഘം തകർത്തത്. കാർ,ബൈക്ക്,ടിപ്പർലോറി,ട്രാവലറുകൾ എന്നിവ ഉൾപ്പെടെ എട്ട് വാഹനങ്ങൾ തകർന്നു തരിപ്പണമായി.
വീട്ടുടമയായ മൻസൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിലാണ് തർക്കം ഉണ്ടായത്. ഡ്രസ് കോഡിന് പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമിത്തിൽ കലാശിച്ചത്. വാതിൽ തകർത്ത് വീടിനനകത്ത് കയറാൻ സുഹൃത്തുക്കൾ ശ്രമിച്ചെന്നും ഇത് തടഞ്ഞതോടെയാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർത്ത് ദേഷ്യം പ്രകടിപ്പിച്ചതെന്നുമാണ് വിവരം. 15 അംഗ അക്രമി സംഘമാണ് പ്രശ്‌നമുണ്ടാക്കിയത്.
‘ഒരു കല്യാണത്തിന് സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഡ്രസ് കോഡ് തീരുമാനിച്ചിരുന്നു. വസ്ത്രത്തിന്റെ പണം കൊടുക്കാൻ ഞാൻ ഉൾപ്പെടെ വൈകി. ഇതോടെ സുഹൃത്തുക്കളിലൊരാൾ രാത്രി ഒരു മണിയോടെ വീട്ടിൽ കയറി പണം ചോദിച്ച് അനാവശ്യം പറഞ്ഞു. പിന്നീട് കുറച്ചുപേരെ കൊണ്ടുവന്ന് തല്ലി. തുടർന്ന് എല്ലാവരും ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കി. എന്നാൽ വീണ്ടും ഇയാൾ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതോടെ പോലീസിനെ സമീപിച്ചു. വെള്ളിയാഴ്ച വൈകീട്ട് പോലീസിൽ പരാതി നൽകിയതോടെ ഇവർ ഭീഷണിപ്പെടുത്തി. ഇതിനെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണമെന്ന് വീട്ടുടമ പറയുന്നു.
Discussion about this post