ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ പല പ്രദേശങ്ങളും ഇപ്പോൾ ദേശീയതയുടെ പാതയിലേക്ക് കടന്നു വരികയാണ്. ഇന്ന് ചേർത്തലയിൽ രണ്ടു പ്രമുഖ സിപിഎം നേതാക്കളാണ് ദേശീയതയുടെ വഴി തിരഞ്ഞെടുത്ത് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇവർക്ക് അംഗത്വം നൽകി ബിജെപിയിലേക്ക് സ്വീകരിച്ചത്.
ചേർത്തല കാളികുളം കൗൺസിലർ ആയ കെ എസ് ശശികുമാർ, പതിനഞ്ചാം വാർഡ് കൗൺസിലർ ആയിരുന്ന ഒ ആന്റണി എന്നിവരാണ് ശനിയാഴ്ച സുരേഷ് ഗോപിയിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്. 25 വർഷം സി പി എം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു കെ എസ് ശശികുമാർ. രണ്ട് തവണ ചേർത്തല നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ചേർത്തല ഏരിയാ പ്രസിഡൻ്റും ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു. ചേർത്തല ടൗൺ സർവ്വീസ് സഹകരണ ബാങ്കിലെ 33 വർഷത്തെ സേവനത്തിന് ശേഷം അസിസ്റ്റൻ്റ് സെക്രട്ടറിയായി വിരമിച്ച ശശികുമാർ ഒടുവിൽ ദേശീയതയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.
10 വർഷം സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ചേർത്തല നഗരസഭ 15-ാം വാർഡ് മുൻ കൗൺസിലറും ആണ് ഒ ആൻ്റണി. രണ്ട് തവണ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗവുമായിരുന്നു. ചേർത്തലയിൽ നിന്നും അടുത്ത ദിവസങ്ങളിലായി കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
Discussion about this post