ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടുന്ന സംഭവങ്ങള്‍ കേരളത്തിലും വ്യാപകമാവുകയാണ്. ബോധവല്‍ക്കരണങ്ങള്‍ പോലും ജലരേഖകളാകുമ്പോള്‍ ഈ തട്ടിപ്പ് സംബന്ധിച്ചുള്ള ഒരു നിര്‍ണ്ണായക കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുകയാണ് പൊലീസ്, ഇത്തരത്തില്‍ പണംതട്ടുന്ന സംഭവങ്ങളില്‍ മലയാളികളായ പ്രതികള്‍ ഉപയോഗിക്കുന്നത് അതിഥിത്തൊഴിലാളികളുടെ സിംകാര്‍ഡും ബാങ്ക് അക്കൗണ്ടുമാണെന്നാണ് കണ്ടെത്തല്‍.
സമീപകാലത്ത് സംസ്ഥാനത്ത് മലയാളികള്‍ അറസ്റ്റിലായ ഡിജിറ്റല്‍ അറസ്റ്റ് കേസുകളില്‍ നിന്നുള്ള വിവരമാണ് ഇതിലേക്ക് എത്തിച്ചത്. കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പണം വാഗ്ദാനം ചെയ്ത് വശത്താക്കി അവരെക്കൊണ്ട് അവരുടെ നാട്ടില്‍നിന്ന് സിംകാര്‍ഡുകളും അവിടത്തെ ബാങ്കുകളില്‍ അക്കൗണ്ടും എടുപ്പിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്.
പിടിക്കപ്പെട്ടാലും ഒരിക്കലും യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം പോകാതെ വഴിതിരിച്ചുവിടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ സിംകാര്‍ഡിന്റെയും അക്കൗണ്ടിന്റെയും ഉടമകളെ കണ്ടെത്തിക്കഴിഞ്ഞും അന്വേഷണം നിര്‍ത്താതെ നടത്തിയ നീക്കങ്ങളില്‍ ഈ രീതി പുറത്തുവരികയായിരുന്നു. കൃത്യമായ വിലാസം ബാങ്ക് അക്കൗണ്ടിലും ഉണ്ടാകില്ല. താത്കാലിക വിലാസങ്ങളില്‍ എടുക്കുന്ന ആധാര്‍ കാര്‍ഡുകളാണ് ഇതിനും ഉപയോഗിക്കുന്നത്.
അക്കൗണ്ടില്‍നിന്ന് മലയാളികളായ പ്രതികളുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് യഥാര്‍ഥ പ്രതികള്‍ അറസ്റ്റിലായത്.
Discussion about this post