ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകളിൽ ബോംബ് ഭീഷണി ലഭിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ സ്‌കൂളുകളിലെ തന്നെ വിദ്യാർത്ഥികളാണ് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. രോഹിണി ജില്ലയിലെ രണ്ട് സ്‌കൂളുകളിൽ ആണ് അടുത്തിടെ ബോംബ് ഭീഷണി ലഭിച്ചത്.
സംഭവത്തിൽ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ആണ് അന്വേഷണം നടത്തിയത്. ഇ മെയിൽ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വിദ്യാർത്ഥികളിൽ ചെന്നെത്തുകയായിരുന്നു. പരീക്ഷ മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ഇവർ ഭീഷണി മുഴക്കിയത് എന്നാണ് പോലീസ് പറയുന്നത്. പരീക്ഷയ്ക്ക് ഇവർ തയ്യാറെടുത്തിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
രോഹിണിയിലെ വെങ്കടേശ്വർ ഗ്ലോബൽ സ്‌കൂളിലും സമീപമുള്ള മറ്റൊരു സ്‌കൂളിനുമാണ് ബോംബ് ഭീഷണി ലഭിച്ചത്. നവംബർ 28 ന് ആയിരുന്നു സംഭവം. രാവിലെയോടെ ഇരു സ്‌കൂളുകളുടെയും ഇ മെയിൽ വിലാസത്തിലേക്ക് സന്ദേശം ലഭിക്കുകയായിരുന്നു. അധികൃതർ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയപ്പോൾ ഭീഷണി വ്യാജമാണെന്ന് വ്യക്തമായി. ഇതോടെ ഊർജ്ജിത അന്വേഷണം ആരംഭിക്കുകയായിരുന്നു. നവംബർ 27 ന് രോഹിണിയിൽ സ്‌ഫോടനം സംഭവിച്ചിരുന്നു. ഇതിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ഈ ആശയം ലഭിച്ചത്.
സംഭവത്തിൽ കുട്ടികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് പിന്നാലെ വിദ്യാർത്ഥികളെ കൗൺസിലിംഗിന് വിധേയരാക്കി. ശേഷം രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.
Discussion about this post