ബിഡിജെഎസ് എൻഡിഎ വിടുന്നു എന്ന രീതിയിലുള്ള കുപ്രചരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം എൻഡിഎയുടെ വളർച്ച കേരളത്തിലെ പല രാഷ്ട്രീയ മുന്നണികളെയും ചൊടിപ്പിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ളവർ നടത്തുന്ന അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ മാത്രമാണ് ബിഡിജെഎസ് എൻഡിഎ വിടുന്നു എന്നുള്ളത്. ഈ ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞു വരാൻ പോകുന്ന തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകളിൽ എൻഡിഎക്കായി സർവ്വ സന്നാഹങ്ങളോടെയും പ്രവർത്തിക്കും എന്നും തുഷാർ വെള്ളാപ്പള്ളി തന്റെ സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി.
തുഷാർ വെള്ളാപ്പള്ളിയുടെ സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പൂർണ്ണരൂപം,
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അടക്കം കേരളത്തിൽ NDA യ്ക്ക് ഉണ്ടായ രാഷ്ട്രീയ മുന്നേറ്റ വളർച്ച പല രാഷ്ട്രീയ ചേരികളെയും ചൊടിപ്പിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നു എന്നത് ഏവർക്കും അറിവുള്ളതാണ്. ഇപ്പോൾ ഉയർന്നു വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ ഇത്തരത്തിലുള്ള ചേരികളിൽ നിന്നും ഉയർന്നു വരുന്ന ആരോപണങ്ങൾ മാത്രമാണ്..
BDJS ന്റെ രൂപീകരണ കാലം മുതൽ ഇന്ന് വരെ കേരളത്തിൽ NDA സംവിധാനം വളർത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബി ഡി ജെ എസും മുന്നണിക്ക് നേതൃത്വം നൽകുന്ന ബിജെപി യും പ്രവർത്തിച്ചു വരുന്നത്. ഈ പ്രവർത്തനങ്ങളെ അസ്ഥിരപ്പെടുത്തുവാൻ പല കോണിൽ നിന്നും നിരന്തരമായി ശ്രമങ്ങൾ ഉണ്ടായിട്ടും അത്തരം നീക്കങ്ങൾ ഒക്കെയും പരിപൂർണ്ണമായി പരാജയപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ബി ഡി ജെ എസ് മുന്നണി വിടുന്നു എന്ന നിലയിലുള്ള കുപ്രചരണങ്ങൾ മുൻപത്തെ എന്ന പോലെ തന്നെ തികഞ്ഞ അവജ്ഞയോടെ തള്ളി ക്കളയുകയാണ്. BDJS NDA യ്ക്കൊപ്പം അടിയുറച്ചു നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്.. ഇനി വരുവാൻ പോകുന്ന തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സർവ്വശക്തിയും സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് NDA യ്ക്ക് കേരളത്തിൽ വലിയ വിജയം ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ് പാർട്ടിയുടെ ഓരോ പ്രവർത്തകരും. പാർട്ടിയും നേതൃത്വവും അതുകൊണ്ട് തന്നെ ഇനിയും മുൻപ് എന്ന പോലെ തന്നെ എല്ലാ പ്രവർത്തനങ്ങളിലും NDA യ്ക്ക് ഒപ്പം അടിയുറച്ച് തന്നെ നിൽക്കും..
Discussion about this post