ന്യൂയോർക്ക്: ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ് വിവാഹിതനാകുന്നു. കാമുകി ലോറൻ സാഞ്ചസാണ് പ്രതിശ്രുതവധു. കൊളറാഡോയിലെ ആസ്പനിൽവച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. 2023 മെയിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. മാറ്റ് സുഹിസ എന്ന ആഡംബര സുഷി റെസ്‌ന്റോറന്റ് ശൃംഖല തന്നെ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ലക്ഷ്വറി റെസ്റ്റോറന്റ് ഡിസംബർ 26 മുതൽ 27 വരെ ബുക്ക് ചെയ്തിട്ടുണ്ട്. 180 ഓളം അതിഥികൾ വിവാഹത്തിന് എത്തുമെന്നാണ് സൂചന. ബിൽ ഗേറ്റ്സ്, ലിയോനാർഡോ ഡികാപ്രിയോ, ജോർദാനിലെ റാനിയ രാജ്ഞി തുടങ്ങിയ പ്രമുഖർ വിവാത്തിനായി എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം 600 മില്യൺ ഡോളർ അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 5000 കോടിയിലേറെ ചെലവ് വരുന്നതായാണ് വിവരം. അത്യാംഡംബരം നിറഞ്ഞ വിവാഹച്ചടങ്ങുകൾക്കായി ആസ്പെനിലെ നിരവധി വെഡ്ഡിങ് പ്ലാനർമാരേയും സജ്ജമാക്കിയിട്ടുണ്ട്. ആകർഷകമായ കാഴ്ചയ്ക്കും അനുഭവത്തിനുമായി വ്യത്യസ്തമായ അലങ്കാരങ്ങൾ തയ്യാറാക്കണമെന്നാണ് ഇവർക്ക് കരാറിൽ ലഭിച്ച നിർദേശം. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് ഏറ്റവും മികച്ച അലങ്കാരങ്ങളാണ് വിവാഹത്തിനായി ആസ്പെനിലെത്തിച്ചിരിക്കുന്നത്.
കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ് ജെഫ് ബെസോസ്. 2018 ലാണ് ജെഫ് ബെസോസും സാഞ്ചെസും ഡേറ്റിംഗ് ആരംഭിച്ചത്. 2019 ലാണ് ഇരുവരും പ്രണയവിവരം പുറത്തുവിട്ടത്. ബ്രോഡ്കാസ്റ്റ് ജേണിലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു 55 വയസുകാരി ലോറൻ സാഞ്ചെസ്. ഹോളിവുഡ് ഏജന്റായ പാട്രിക് വൈറ്റ്‌സെല്ലിനെയാണ് സാഞ്ചെസ് നേരത്തെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. ജെസ് ബെസോസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ ബെസോസിന് മൂന്ന് കുട്ടികളുണ്ട്.
Discussion about this post