ഭോപ്പാൽ: വാഹനാപകടത്തിൽ മരിച്ച തന്റെ ഭർത്താവിന്റെ ബീജം സൂക്ഷിക്കണമെന്ന ആവശ്യവുമായി യുവതി. മദ്ധ്യപ്രദേശ് രേവയിൽ നിന്നുള്ള യുവതിയാണ് ഭർത്താവിന്റെ ബീജം സൂക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഇതേ ആവശ്യവുമായി പോലീസിനെയും മദ്ധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയെയും യുവതി സമീപിച്ചു.
നാല് മാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഭർത്താവ് വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ, പോസ്റ്റുമോർട്ടം ചെയ്യരുതെന്നും ഭർത്താവിന്റെ ബീജം സൂക്ഷിക്കണമെന്ന ആവശ്യവുമായി യുവതി എത്തി. തന്റെ ഭർത്താവിൽ നിന്നും തനിക്ക് ഒരു കുഞ്ഞിനെ വേണം. അതിലൂടെ മാത്രമേ, അപ്രതീക്ഷിതമായി തന്നെ വിട്ടുപോയ ഭർത്താവിന്റെ ഓർമകകൾ എന്നും തന്നോടൊപ്പം സൂക്ഷിക്കാനാവൂ എന്നും യുവതി പറഞ്ഞു.
എന്നാൽ, യുവതിയുടെ ആവശ്യം ഡോക്ടർമാർ എതിർത്തു. യുവാവ് മരിച്ച് 24 പിന്നിട്ടുവെന്നും ഒരു വ്യക്തി മരിച്ച് 24 മണിക്കൂറിനുള്ളിൽ ബീജം ശേഖരിക്കണമെന്നും അതിനാൽ തന്നെ യുവാവിന്റെ ബീജം എടുക്കാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ഇത് മാത്രമല്ല, ഇതിനുള്ള സജീകരണങ്ങൾ ആശുപത്രിയിൽ ഇല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
എന്നാൽ, തന്റെ ആവശ്യം ആശുപത്രി അധികൃതർ നിരസിച്ചതോടെ, യുവതി ആശുപത്രിയിൽ വലിയ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. പിന്നീട്, ഡോക്ടർമാരും പോലീസും ചേർന്നാണ് യുവതിയെ പറഞ്ഞ് മനസിലാക്കി, പോസ്റ്റുമോർട്ടത്തിന് സമ്മതിപ്പിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Discussion about this post