ഒട്ടാവ : ഡിസംബർ 30ന് ഇന്ത്യയുടെയും റഷ്യയുടെയും എംബസികൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. സിഖ് ഫോർ ജസ്റ്റിസ് മേധാവി ഗുർപത്വന്ത് സിംഗ് പന്നു പുറത്തുവിട്ട സന്ദേശത്തിലാണ് ഇന്ത്യൻ, റഷ്യൻ എംബസികൾക്കെതിരെ ഭീഷണി ഉയർത്തിയിട്ടുള്ളത്. റഷ്യ ഇന്ത്യയ്ക്ക് രാസായുധം നൽകുന്നതായാണ് ഖാലിസ്ഥാൻ ഭീകര സംഘടന ആരോപണമുയർത്തുന്നത്.
ലണ്ടൻ, ഒട്ടാവ, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിലെ റഷ്യൻ, ഇന്ത്യൻ എംബസികൾ ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആണ് പന്നുവിന്റെ ഭീഷണി സന്ദേശത്തിൽ ഉള്ളത്. ഡിസംബർ 30ന് ഇന്ത്യയുടെയും റഷ്യയുടെയും നയതന്ത്രജ്ഞരെ ആക്രമിക്കുമെന്നും സിഖ് ഫോർ ജസ്റ്റിസ് ഭീഷണിപ്പെടുത്തി.
പഞ്ചാബിലെ ശംഭു അതിർത്തിയിലെ പുതിയ കർഷക പ്രക്ഷോഭത്തിനിടെ പ്രക്ഷോഭകരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. സിഖ് കർഷകരെ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ റഷ്യൻ കെമിക്കൽ ടിയർ ഗ്യാസ് ഗ്രനേഡുകൾ ഉപയോഗിച്ചെന്നാണ് ഖാലിസ്ഥാൻ ഭീകരർ ആരോപിക്കുന്നത്. പഞ്ചാബിനെതിരായ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും പങ്കാളിയാണെന്നും ഇവർ ആരോപിക്കുന്നു. ഇതിനെതിരായി ഡിസംബർ 30 ന് പ്രതിഷേധ ദിനം ആചരിക്കാൻ പഞ്ചാബിലെ കർഷകരോട് ഗുർപത്വന്ത് സിംഗ് പന്നു അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post