അതിർത്തിയിലും ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും ദുരന്തനിവാരണത്തിലും എല്ലാം ഇന്ത്യൻ സൈന്യത്തിനോടൊപ്പം തോളോട് തോൾ ചേർന്ന്, ഏറ്റവും വിശ്വസ്തതയോടെ, ഒരിക്കലുമിളകാത്ത നന്ദിയോട് കൂടി പ്രവർത്തിക്കുന്നവരാണ് നമ്മുടെ സൈനിക നായകൾ. ഏത് അപകടകരമായ കൃത്യങ്ങളിലും സൈനികർക്കൊപ്പം ഭയമെന്തെന്നറിയാതെ പ്രവർത്തിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച മിടുക്കരാണ് ഇവർ. ഈ കഴിഞ്ഞ ഒക്ടോബർ മാസമാണ് കാശ്മീരിലെ സുന്ദർബന്തി സെക്ടറിൽ ഭീകരവിരുദ്ധ ഓപ്പറേഷനുകൾക്കിടയിൽ ‘ഫാൻ്റം‘ എന്ന സൈനിക നായ വീരചരമമടഞ്ഞത്. കഴിഞ്ഞവർഷം സമാനമായ സാഹചര്യത്തിൽ ജീവൻ വെടിഞ്ഞ ‘കെൻ്റ്‘, ഭീകരരുടെ വെടിയുണ്ടകൾ നേരിട്ട് കൊണ്ട് തന്റെ കൂടെയുള്ള സൈനികരുടെ ജീവൻ രക്ഷിക്കുന്നതിനിടെ 1922 ഒക്ടോബർ 13ന് വീരചരമം അടഞ്ഞ ‘സൂം‘, 2015 ൽ സൈന്യം കാശ്മീർ ഭീകരർക്കെതിരെ നടത്തിയ ഓപ്പറേഷനിൽ പങ്കെടുത്ത് ജീവത്യാഗം ചെയ്ത ‘മാൻസി‘ എന്നീ സൈനിക നായകളെല്ലാം അവരുടെ ധീരതയുടേയും സമർപ്പണത്തിൻ്റേയും വിശ്വസ്തതയുടേയും കഥകൾ സുവർണ്ണ ലിപികളിൽ കുറിച്ചു വച്ചിട്ടാണ് ഈ ലോകത്ത് നിന്നും വിടവാങ്ങിയത്.
സൈനിക ആവശ്യത്തിനായി നായകളെ തിരഞ്ഞെടുക്കുകയും വളർത്തുകയും പരിശീലനം നൽകുകയും ചെയ്യുന്ന കരസേനാ യൂണിറ്റാണ് റിമൗണ്ട് ആൻഡ് വെറ്റിനറി കോർപ്സ് (Remount Veterinary Services (DGRVS)) . 1200 ഓളം നായകളാണ് നിലവിൽ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നത്. പ്രതിരോധ ഓപ്പറേഷനുകളിൽ സൈന്യത്തെ നേരിട്ട് സഹായിക്കുന്നതിനും, ഒളിച്ചിരിക്കുന്നവരെയും മറഞ്ഞു നിൽക്കുന്നവരെയും മണം പിടിച്ചു കണ്ടെത്തുന്നതിനും, കുഴി ബോംബുകളും സ്ഫോടന വസ്തുക്കളും കണ്ടെത്തുന്നതിനും ദുരന്ത മേഖലയിൽ ആപത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിനും എല്ലാം ഈ നായകൾ സ്തുത്യർഹമായ സേവനമാണ് നടത്തുന്നത്. യുഎൻ അന്താരാഷ്ട്ര മിഷനുകളിൽ ഉൾപ്പെടെ ഇന്ത്യൻ കരസേനയുടെ റിമൗണ്ട് ആൻഡ് വെറ്റിനറി കോർപ്സ് വലിയ സേവനം നടത്തിയിട്ടുണ്ട്. എട്ടു മുതൽ 10 കൊല്ലം വരെയാണ് സൈന്യത്തിൽ നായകൾ സേവനമനുഷ്ഠിക്കുന്നത്. അതിനുശേഷം മീററ്റ് സൈനിക താവളത്തിലുള്ള കനൈൻ ജെറിയാട്രിക് യൂണിറ്റിലാണ് ഇവയെ സംരക്ഷിക്കുന്നത്. ഒരു വിമുക്ത സൈനികനെ പോലെ എല്ലാവിധ സംരക്ഷണയിലുമാണ് ഇവ കഴിയുന്നതെങ്കിലും പലപ്പോഴും ഒറ്റപ്പെടൽ അവരുടെ വിശ്രമ ജീവിതത്തിൽ സാധാരണമാണ്. മനുഷ്യനുമായി വളരെയധികം ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരുന്ന ഇവരെ പെട്ടെന്ന് കനൈൻ ജെറിയാട്രിക് യൂണിറ്റിലേക്ക് മാറ്റുമ്പോൾ അത് ഉൾക്കൊള്ളാൻ പലപ്പോഴും ഈ നായകൾക്ക് കഴിയുന്നില്ല.
എന്നാൽ ഈ സൈനിക നായകളെ ആർക്കെങ്കിലും തോന്നിയത് പോലെ ദത്തു നൽകാനും ആവില്ല. പ്രത്യേക പരിശീലനം ലഭിച്ച ഇവർക്ക് സൈനിക ക്യാമ്പുകളുടെ രഹസ്യ വഴികൾ ഉൾപ്പെടെ ഇന്ത്യൻ സൈന്യത്തിന്റെ പല രഹസ്യങ്ങളും അറിയാവുന്നവരാണ്. തെറ്റായ കൈകളിൽ പെട്ടാൽ ഇവയെ ഉപയോഗിച്ച് സൈന്യത്തിനെതിരെ ആക്രമണം ആസൂത്രണം ചെയ്യാൻ പോലും കഴിയും. അതുമാത്രമല്ല ഈ നായകളെ എന്തൊക്കെ കഴിവുകളാണ് പരിശീലിപ്പിക്കുന്നത് എന്നറിയുന്നത് പോലും എതിരാളികൾക്കും ഭീകരവാദികൾക്കും ഗുണം ചെയ്തേക്കും. അതുകൊണ്ടാണ് ഈ വർഷത്തെ റിമൗണ്ട് ആൻഡ് വെറ്റിനറി കോർപ്സ് ദിന ആഘോഷത്തിൻ്റെ ഭാഗമായി റിട്ടയർ ചെയ്ത പന്ത്രണ്ട് സൈനിക നായകളെ ദിവ്യാംഗരായ കുട്ടികൾ പഠിക്കുന്ന ആശാ സ്കൂളുകൾക്ക് നൽകാൻ ഭാരത കരസേന നടത്തിയ തീരുമാനം ശ്രദ്ധ ആകർഷിക്കുന്നത്. ഓട്ടിസം മുതൽ ശാരീരിക ദൗർബല്യങ്ങൾ വരെയുള്ള അനേകം വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്ന വിദ്യാലയങ്ങളാണ് ആശാ സ്കൂളുകൾ.
‘പരിശീലനം ലഭിച്ച സൈനിക നായകളുടെ സഹായവും സാന്നിധ്യവും ഈ കുഞ്ഞുങ്ങൾക്ക് വലിയ മാറ്റമാണുണ്ടാക്കുന്നത്. പെറ്റ് തെറാപ്പി എന്നത് ഓട്ടിസത്തിനും മറ്റും ഒരു അംഗീകൃത ചികിത്സാ രീതി പോലുമാണ്. നായകളോടൊത്ത് സമയം ചെലവഴിക്കുന്നത് വഴി കുട്ടികൾക്ക് മാനസികവും ബുദ്ധിപരവും സാമൂഹികവുമായ കഴിവുകൾ വികസിക്കുകയും ലോകത്തെ നേരിടാൻ അവരെ അത് പ്രാപ്തരാക്കുകയും ചെയ്യുന്നു‘കരസേനാ പത്രക്കുറിപ്പിൽ പറയുന്നു. ഇതിനായി മറ്റ് നായകളെ ഉപയോഗിക്കുന്നതിനേക്കാൾ ഗുണം വിദഗ്ധ പരിശീലനം ലഭിച്ച സൈനിക നായകളെ ഉപയോഗിക്കുന്നതാണ്. ആജ്ഞകൾ അനുസരിക്കാനും ആക്രമണോത്സുകത നിയന്ത്രിക്കാനും ഈ നായകൾക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഇത് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നു. സംരക്ഷണം ചെയ്യാൻ മികച്ച ബ്രീഡുകളായ ലാബ്രഡോർ, ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായകളായതിനാൽ കുട്ടികളോടും ദിവ്യാംഗരോടും പെട്ടെന്ന് ഇണങ്ങുകയും ചെയ്യും. അവരുടെ പ്രത്യേക ആവശ്യങ്ങൾ സൈനിക നായകൾക്ക് പെട്ടെന്ന് പഠിച്ചെടുക്കാനും കഴിയും.
ധീരതയ്ക്കും സേവനത്തിനും അവാർഡുകൾ പോലും നേടിയിട്ടുള്ള നായകൾ ഈ കൂട്ടത്തിലുണ്ട്. മയക്കുമരുന്നുകളും സ്ഫോടന വസ്തുക്കളും ഭീകരവാദികളെയും അപകടത്തിൽപ്പെട്ടവരെയും ഒക്കെ കണ്ടുപിടിച്ച്, സൈന്യത്തോടൊപ്പം മുന്നണിയിൽ തോക്കുകൾക്ക് നേരെ പാഞ്ഞു കയറിയ നമ്മുടെ നായവീരന്മാർ ഇനി സ്നേഹം മാത്രം പങ്കുവെക്കാൻ അറിയാവുന്ന കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരായി മാറും. ഏതൊരു മുത്തച്ഛൻ്റേയും മുത്തശ്ശിയുടേയും റിട്ടയർമെൻ്റ് ആഗ്രഹം പോലെ പേരക്കുട്ടികൾക്കൊത്ത് കളിച്ചും അവരെ കളിപ്പിച്ചും അപരന് ആത്മസുഖത്തിനായി ശിഷ്ട ജീവിതം കൂടി പകർന്നു നൽകി ധന്യതയോടെ അവർ ജീവിക്കും.
മനുഷ്യർക്ക് പഠിക്കാൻ ഏറെയാണ് ഈ നായകളിൽ നിന്ന്.
#IndianArmy, #K9Heroes, #SpecialChildren, #TherapeuticBenefits, #VeterinaryCorpsDay, #HumanAnimalBond, #DefenceInitiatives, #AshaSchools, #MilitaryDogs
#PetTherapy, #HumanAnimalBond
Discussion about this post