ന്യൂഡൽഹി: സ്വന്തം നാട്ടിലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പലായനം ചെയ്യുകയും ഇന്ത്യയിൽ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇസ്ലാമിക് ബാങ്കിങ് സ്ഥാപകനായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അവിടെ അധികാരത്തിൽ വന്നിരുന്നു. എന്നാൽ അപ്പോൾ മുതൽ ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറണമെന്ന ആവശ്യമാണ് ഉയരുന്നത്.
എന്നാൽ ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് കൈമാറുന്നത് സംബന്ധിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് (എംഇഎ) ഔദ്യോഗികമായി കത്തയച്ചിരിക്കുകയാണ്. 2013 ൽ ഷെയ്ഖ് ഹസീന തന്നെ ഇന്ത്യയുമായി ഒപ്പ് വച്ച ഉടമ്പടി പ്രകാരം കുറ്റവാളികളെ കൈമാറാൻ ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഉണ്ട്.
1962-ലെ ഇന്ത്യയുടെ കുറ്റവാളി കൈമാറ്റ നിയമത്തിന് പുറമെ, 2013-ൽ ഷെയ്ഖ് ഹസീന സർക്കാർ ഒപ്പുവെച്ച ഇന്ത്യ-ബംഗ്ലാദേശ് കുറ്റവാളി ഉടമ്പടിയാണ് നിലവിലെ കേസിലെ സുപ്രധാന നിയമോപകരണം. 1962-ലെ കുറ്റവാളി നിയമത്തിലെ വകുപ്പ് 12(2) ഇന്ത്യയുടെ കൈമാറ്റ നിയമത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ ഈ കരാർ വിപുലീകരിക്കുന്നു. അതിനാൽ തന്നെ ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറാൻ ഇന്ത്യക്ക് നിയമപരമായ ബാധ്യത ഉണ്ടോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റു നോക്കുന്നത്.
എന്നാൽ നിയമപരമായി തന്നെ, ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യക്ക് നിഷേധിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഉടമ്പടിയിൽ ആർട്ടിക്കിൾ 8 പ്രകാരം ആണിത്
ഉടമ്പടിയുടെ ആർട്ടിക്കിൾ 8(1)(എ)(iii) പറയുന്നത്, പ്രകാരം എല്ലാ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ ഒരു വ്യക്തിയെ കൈമാറുന്നത് അന്യായമോ അടിച്ചമർത്തലിന്റെയോ ഭാഗം ആകാൻ പാടുള്ളതല്ല. കൂടാതെ ആ വ്യക്തിക്കെതിരെയുള്ള ആരോപണം” “നീതിയുടെ താൽപ്പര്യങ്ങളിൽ നല്ല വിശ്വാസത്തോടെ” നടത്തപെട്ടതല്ല എന്ന് വ്യക്തമാകുകയാണെങ്കിലും വ്യക്തികളെ കൈമാറാതിരിക്കാം . 1962ലെ കുറ്റവാളി കൈമാറ്റ നിയമത്തിൻ്റെ 29-ാം വകുപ്പിലും ഇതേ തത്വം പ്രതിഫലിക്കുന്നുണ്ട്. ഹസീനയുടെ കാര്യത്തിൽ ഈ വ്യവസ്ഥ ബാധകമായേക്കും.
അവർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യവും അവളുടെ രാഷ്ട്രീയ എതിരാളികൾ ബംഗ്ലാദേശിൽ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളും പരിശോധിക്കുകയാണെങ്കിൽ ഈ വാദത്തിന് ബലമുണ്ട് എന്ന് കാണാവുന്നതാണ്. ബംഗ്ലാദേശിൽ ഹസീനക്കെതിരെയുള്ള ആരോപണങ്ങൾ പകപോക്കലും രാഷ്ട്രീയ ശത്രുതയുടേയും ഫലമായിട്ടുള്ളതാണ്. അവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചാൽ, അവർക്ക് ന്യായമായ വിചാരണ ലഭിക്കാതിരിക്കാനുള്ള ഉയർന്ന അപകടസാധ്യതയുണ്ട്.
ഇതൊക്കെ കണക്കിലെടുക്കുമ്പോൾ ആർട്ടിക്കിൾ 8(1)(എ)(iii) പ്രകാരം ഇന്ത്യക്ക് ബംഗ്ലാദേശിന്റെ ആവശ്യം തീർച്ചയായും നിഷേധിക്കാൻ സാധിക്കും. ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് വിട്ടു കൊടുക്കാൻ ഇന്ത്യക്ക് നിയമപരമായി ഒരു ബാധ്യതയും ഇല്ല.
Discussion about this post