ബോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ആയ ഒരുപിടി ഗാനരംഗങ്ങളിലൂടെ സിനിമാസ്വാദകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മലൈക അറോറ. ബോളിവുഡിലെ ഗ്ലാമറിന്റെ പര്യായമായി മാറിയിട്ടുള്ള മലൈക തന്റേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിലും എന്നും മുമ്പിൽ തന്നെയാണ്. തന്റെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും എടുക്കുന്നതും പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടുന്നതും താൻ ഒറ്റയക്ക് തന്നെയാണെന്ന് പലപ്പോഴും മലൈക തുറന്ന് പറഞ്ഞിട്ടുണ്ട്.
തനിക്ക് നേരെ വരുന്ന എല്ലാ പ്രശ്‌നങ്ങളെയും നേരിടാൻ കഴിഞ്ഞത് താൻ സാമ്പത്തികമായി സ്വതന്ത്രയായതുകൊണ്ടും തന്റെ വ്യക്തത്വം നഷ്ടപ്പെടുത്താതിരുന്നതുകൊണ്ടും ആണെന്ന് മലൈക പറയുന്നു. വിവാഹിതരായ എല്ലാ സ്ത്രീകളും ഇത്തരത്തിൽ സാമ്പത്തികമായും വ്യക്തപരമായും സ്വതന്ത്രരാവേണ്ടത് അത്യാവശ്യമാണെന്നും താരം ചൂണ്ടിക്കാട്ടുന്നു.
സ്വതന്ത്രരായിരിക്കൂ എന്നാണ് മലൈക പറയുന്നത്. നിങ്ങളുടേത് എന്താണോ അത് നിങ്ങളുടേതും എന്റേത് എന്താണോ അത് എന്റേതുമായിരിക്കും. അതായത്, സാധാരണ വിവാഹിതരായും പങ്കാളികളായും ഒരുമിച്ച് ജീവിച്ച് കഴിഞ്ഞാൽ, നാം അവരിലേക്ക് ഇഴുകി ചേരാൻ ശ്രമിച്ചുതുടങ്ങും. ഒന്നായിരിക്കുക എന്നതായിരിക്കും നമ്മുടെ ലക്ഷ്യം. ആ ലക്ഷ്യം നേടാനായി നാം പല വിട്ടുവീഴ്ച്ചകളും ചെയ്യും. എന്നാൽ, ഈ ശ്രമങ്ങൾക്കിടയിൽ നമ്മുടെ വ്യക്തിത്വം ഇല്ലാതാവരുത് എന്നും മലൈക വ്യക്തമാക്കുന്നു.
നിങ്ങളും പങ്കാളിയും കൂടി ഒന്നിച്ച് കാര്യങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്. എന്നാൽ, പങ്കാളിയെ സന്തോഷിപ്പിക്കാനായി അവരുടെ ഇഷ്ടങ്ങളെല്ലാം അതേപടി സ്വീകരിച്ച് അയാളുടെ ഇഷ്ടത്തിന് വേണ്ടി മാത്രം ജീവിക്കുന്നത് ശരിയായ കാര്യമല്ല. അവരുടെ സന്തോഷത്തിന് വേണ്ടി സ്വന്തം വ്യക്തിത്വം ത്യാഗം ചെയ്യരുത്. പങ്കാളിയുടെ പേര് തന്റെ പേരിന്റെ കൂടെ ചേർക്കുന്നത് പോലും അത്തരമൊരു ത്യാഗമാണ്. തന്റെ അഭിപ്രായത്തിൽ വിവാഹിതരായ സ്ത്രീകൾക്ക് കുറഞ്ഞപക്ഷം ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും സ്വന്തമായി വേണമെന്നും മലൈക പറഞ്ഞു.
Discussion about this post