പാരിസ്: ഫ്രാൻസിലെ ഈഫിൽ ടവറിൽ തീപിടിത്തം. ഇതേ തുടർന്ന് വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. വൈകീട്ടോടെയായിരുന്നു സംഭവം എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ ഉണ്ടായ സംഭവം ആളുകളിൽ ആശങ്കയുണ്ടാക്കി.
ഒന്നും, രണ്ടും നിലകളിലാണ് തീപിടിത്തം ഉണ്ടായത്. ടവറിൽ നിന്നും തീയും പുകയും ഉയരാൻ ആരംഭിച്ചതോടെ വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഉടനെ ഇവർ അഗ്നിശമന സേനയെ വിവരം അറിയിച്ചു. തീ പടർന്ന് പിടിയ്ക്കാനുള്ള സാദ്ധ്യതയെ കരുതി ടവർ കാണാൻ എത്തിയവരെ സുരക്ഷിത സ്ഥാനത്തേയേക്ക് മാറ്റുകയായിരുന്നു. സംഭവ സമയം സ്ഥലത്ത് 1200 പേരാണ് ഉണ്ടായത്.
എലവേറ്റർ കേബിളിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിൽ നിന്നാണ് ടവറിലേക്ക് തീ പടർന്നത് എന്നാണ് സൂചന. അമിതമായി ചൂടായതിനെ തുടർന്ന് ഉപകരണം കത്തുകയായിരുന്നു. ടവറിന് സമീപം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. താത്കാലികമായി ഇവിടേയ്ക്കുള്ള പ്രവേശനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പാരിസിലെ തന്നെ വളരെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഈഫിൽ ടവർ. ക്രിസ്തുമസിന്റെ ഭാഗമായുള്ള അവധി ആയതിനാൽ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് ദിനം തോറും ടവർ കാണാൻ എത്തുന്നത്.
Discussion about this post