ലോകത്തെ പല രാജ്യങ്ങളിലും ജനങ്ങളുടെ ആയുർദൈർഘ്യം മുൻകാലങ്ങളെ അപേക്ഷിച്ചു കുറഞ്ഞുവരികയാണത്രേ. എന്നാൽ തെക്ക് കിഴക്കൻ ഏഷ്യയിലെ ഒരു രാജ്യം അതിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സാമ്പത്തിക രംഗത്തും ജനങ്ങളുടെ ആയുർദൈർഘ്യത്തിലും വലിയ കുതിച്ചുചാട്ടം ആണ് ഉണ്ടായിരിക്കുന്നത്. സിംഗപ്പൂർ ആണ് ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ ഇന്ന് പാശ്ചാത്യ രാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്ന ആ തെക്ക്കിഴക്കനേഷ്യൻ രാജ്യം.
1960കൾ വരെ സിംഗപ്പൂരിലെ ജനങ്ങൾക്ക് 65 വയസ്സായിരുന്നു ആയുർ ദൈർഘ്യമായി കണക്കാക്കിയിരുന്നത്. എന്നാൽ രാജ്യത്തെ ഇപ്പോഴത്തെ തലമുറയ്ക്ക് 86 വയസ്സാണ് ആയുർദൈർഘ്യം . കൂടാതെ 100 വയസ്സിൽ കൂടുതൽ ജീവിക്കുന്നവരുടെ എണ്ണവും മുൻ കാലങ്ങളെ അപേക്ഷിച്ചു ഇരട്ടിയായി മാറിയിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്ന ഈ മാറ്റം അങ്ങനെ പെട്ടെന്ന് ഒരുനാൾ കൊണ്ട് ഉണ്ടായതല്ല. സിംഗപ്പൂർ ഗവൺമെന്റിന്റെ കൃത്യമായ നയങ്ങളിലൂടെ ആണ് ജനങ്ങളുടെ ഈ ആയുർദൈർഘ്യത്തിലെ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.
2023 ഓഗസ്റ്റിൽ ലോകത്തിലെ ആറാമത്തെ ‘ബ്ലൂ സോൺ’ ആയി സിംഗപ്പൂർ പ്രഖ്യാപിക്കപ്പെട്ടു. സംസ്കാരം, ജീവിതശൈലി, ഭക്ഷണക്രമം, സമൂഹം എന്നിവ സംയോജിച്ച് പ്രവർത്തിച്ചുകൊണ്ട് ജനങ്ങളുടെ ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുന്ന പാരമ്പര്യം പിന്തുടരുന്ന രാജ്യങ്ങൾക്കാണ് ബ്ലൂസോൺ പദവി നൽകുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ സിംഗപ്പൂർ അല്ലാതെ മറ്റൊരു രാജ്യവും ഈ പട്ടികയിൽ വന്നിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
പ്രകൃതിയെയും പൊതുസ്ഥലങ്ങളെയും ഏറ്റവും വൃത്തിയോടെ സൂക്ഷിക്കുന്ന രാജ്യമാണ് സിംഗപ്പൂർ എന്ന് നമുക്കെല്ലാം അറിയാം. ഗവൺമെന്റിന്റെ കൃത്യമായ നയരൂപീകരണങ്ങൾ മൂലം ഇവിടെ വായുമലിനീകരണവും വളരെ കുറവാണ്. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് പോലും കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമാണ്. കൂടാതെ ജനങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ഹെൽത്ത് പ്രൊമോഷൻ ബോർഡിന്റെ പ്രത്യേക സംരംഭങ്ങളും നടപ്പിലാക്കുന്നു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൽ പോലെയുള്ള നടപടികൾക്കും ഗവൺമെന്റ് തന്നെ നേരിട്ട് ബോധവൽക്കരണങ്ങളും നടത്തുന്നുണ്ട്. സിഗരറ്റിനും പുകയില ഉല്പന്നങ്ങൾക്കും എല്ലാം കനത്ത നികുതിയാണ് രാജ്യത്തുള്ളത് എന്നുള്ളതിനാൽ പലരും ഈ ശീലങ്ങളിൽ നിന്ന് പിന്മാറുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സാർവത്രിക ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന രാജ്യം കൂടിയാണ് സിംഗപ്പൂർ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹെൽത്ത് കെയർ സിസ്റ്റങ്ങളിൽ ഒന്നാണ് ഈ രാജ്യത്തുള്ളത്. കൂടാതെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും പൊതുഗതാഗതങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനുമായി ജനങ്ങൾക്ക് സർക്കാർ ബോധവൽക്കരണം നടത്തുന്നു. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി വ്യായാമം ചെയ്യുന്നതിനായി ഓരോ പ്രദേശങ്ങളിലും വൃത്തിയും ഭംഗിയും ഉള്ള പാർക്കുകളും സർക്കാർ മേൽനോട്ടത്തിൽ തന്നെ നിർമ്മിക്കുന്നുമുണ്ട്. സിംഗപ്പൂരിലെ ഓരോ പ്രഭാതങ്ങളിലും ഇത്തരം പൊതു പാർക്കുകളിൽ വ്യായാമം ചെയ്യുന്ന ധാരാളം പേരെ കാണാൻ കഴിയും. രാജ്യത്തെ വയോധികർ പോലും പ്രഭാതങ്ങളിലോ സായാഹ്നങ്ങളിലോ സമീപപ്രദേശത്തെ ഏതെങ്കിലും പാർക്കുകളിൽ നടത്തത്തിനായി വരുന്നതും കാണാവുന്നതാണ്. ജീവിതശൈലികളിലെ ഈ മാറ്റങ്ങൾ തന്നെയാണ് സിംഗപ്പൂരിലെ ജനങ്ങളുടെ ആയുർദൈർഘ്യത്തിലെ കുതിച്ചുചാട്ടത്തിന്റെ കാരണവും.
Discussion about this post