മലയാളത്തിന്റെ അക്ഷര വെളിച്ചം എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനങ്ങൾ അറിയിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ഇപ്പോൾ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയെ കണ്ടെത്തിയത് എം ടി ആണെന്നാണ് ചിലരെങ്കിലും പറയാറുള്ളത്. എന്നാൽ അദ്ദേഹത്തെ തേടി പോയതും കണ്ടെത്തിയതും യഥാർത്ഥത്തിൽ
താനാണെന്ന് മമ്മൂട്ടി പറയുന്നു.
നാലഞ്ചു മാസങ്ങൾക്ക് മുൻപ് എറണാകുളത്ത് നടന്ന ഒരു പരിപാടിയിൽ വച്ച് കാലിടറിയ എം ടി തന്റെ നെഞ്ചിലേക്ക് ചാഞ്ഞത് മമ്മൂട്ടി വേദനയോടെ ഓർത്തെടുത്തു. അന്ന് താൻ അദ്ദേഹത്തിന്റെ മകനാണെന്ന് തോന്നിയെന്നും മമ്മൂട്ടി കുറിക്കുന്നു. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മമ്മൂട്ടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്,
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.
സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ,
ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.
Discussion about this post