ബാക്കു : അക്‌തൗ വിമാനാപകടത്തിന് കാരണം റഷ്യൻ ഉപരിതല മിസൈൽ ആണെന്ന് അസർബൈജാൻ സർക്കാർ. ബുധനാഴ്ചയാണ് കസാക്കിസ്ഥാനിലെ അക്‌തൗവിൽ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നു വീണത്. അപകടത്തിൽ 38 പേരാണ് മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വൈകാതെ തന്നെ പുറത്തു വിടും എന്നാണ് അസർബൈജാൻ സർക്കാർ വ്യക്തമാക്കുന്നത്.
അസർബൈജാൻ എയർലൈൻസിൻ്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നത്. തലസ്ഥാനമായ ബാക്കുവിൽ നിന്ന് റഷ്യയിലെ ചെച്‌നിയയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം ആയിരുന്നു ഇത്. എന്നാൽ ഗ്രോസ്‌നിയിലെ കനത്ത മൂടൽമഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. എന്നാൽ കസാക്കിസ്ഥാനിൽ വച്ച് വിമാനം തകർന്നുവീഴുകയായിരുന്നു.
വിമാനം തകർന്നു വീഴുന്നതിനു മുൻപായി പൈലറ്റ് അടിയന്തര ലാൻഡിംഗ് അഭ്യർത്ഥന നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. യാത്രക്കാരും ജീവനക്കാരും അടക്കം 67 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 38 പേർ മരിക്കുകയും 29 പേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. വിമാനാപകടത്തിൻ്റെ ഇരകൾക്കായി അസർബൈജാൻ വ്യാഴാഴ്ച രാജ്യവ്യാപകമായി ദുഃഖാചരണം നടത്തിയിരുന്നു.
Discussion about this post