മുംബൈ : രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകളായി അറിയപ്പെടുന്ന ഇന്ത്യൻ ശതകോടീശ്വരന്മാർ അംബാനിയും അദാനിയും ഒന്നിക്കുന്നു. അദാനി പവർ കമ്പനിയുടെ 26 ശതമാനം ഓഹരികൾ വാങ്ങിക്കൊണ്ടാണ് അംബാനി സഖ്യം സൃഷ്ടിച്ചിരിക്കുന്നത്. കോർപ്പറേറ്റ് രംഗത്തെ ഏറെ പ്രാധാന്യമുള്ള ഒരു ഡീലാണ് ഇതിനായി നടന്നിരിക്കുന്നത്. 50 കോടി രൂപയുടെ കരാറിലാണ് റിലയൻസ് ഗ്രൂപ്പ് അദാനിയുടെ പവർ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുള്ളത്.
അദാനി പവറിൻ്റെ കീഴിലുള്ള മഹാൻ എനർജൻ ലിമിറ്റഡിൻ്റെ 26 ശതമാനം ഓഹരികളാണ് റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കിയിട്ടുള്ളത്. റിലയൻസ് ഇൻഡസട്രീസിന് 500 മെഗാവാട്ട് വൈദ്യുതിയാണ് ഈ ഡീലിലൂടെ ലഭിക്കുന്നത് . മഹാൻ എനർജൻ്റെ മധ്യപ്രദേശ് ആസ്ഥാനമായുള്ള പവർ പ്ലാൻ്റ് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് റിലയൻസിന് ഉപയോഗിക്കാനാകുക.
2005 ലെ വൈദ്യുതി നിയമ പ്രകാരം സ്വന്തം ഉപയോഗത്തിനായി അനുവദിച്ചിരിക്കുന്ന പരിധിയിൽ കൂടുതൽ വൈദ്യുതി വേണ്ടി വരുന്ന കമ്പനികൾ ഒരു ഊർജ കമ്പനിയിൽ കുറഞ്ഞത് 26 ശതമാനം ഓഹരികൾ വാങ്ങിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ അടിസ്ഥാനമാക്കിയാണ് റിലയൻസ് ഇൻഡസ്ട്രീസ് അദാനി പവർ ഗ്രൂപ്പിന്റെ കീഴിലുള്ള മഹാൻ എനർജനിൽ ഓഹരികൾ വാങ്ങിയിരിക്കുന്നത്. പത്തു രൂപ മുഖവിലയുള്ള അഞ്ചു കോടി ഓഹരികളാണ് റിലയൻസ് വാങ്ങിയിട്ടുള്ളത്. 50 കോടി രൂപയാണ് അംബാനി ഇതിനായി ചിലവാക്കിയിരിക്കുന്നത്.
Discussion about this post