ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസം ദു:ഖാചരണം. ഏഴ് ദിവസത്തേയ്ക്ക് നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ മാറ്റി. ഇന്നലെ രാത്രിയോടെയായിരുന്നു മൻമോഹൻ സിംഗ് അന്തരിച്ചത്.
ഇന്ന് രാവിലെ 11 മണിയ്ക്ക് കേന്ദ്രമന്ത്രിസഭ പ്രത്യേക യോഗം ചേരും. ദു:ഖാചരണം സംബന്ധിച്ച് വിശദമായ കാര്യങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യും. മരണത്തെ തുടർന്ന് കോൺഗ്രസ് ബെലഗാവിയിൽ നടത്താനിരുന്ന സമ്മേളനം റദ്ദാക്കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഭൗതിക ദേഹം അർദ്ധരാത്രിയോടെ ഡൽഹിയിലെ വസതിയിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ പൊതുദർശനം തുടരുകയാണ്. പുലർച്ചെയോടെ തന്നെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കേന്ദ്രമന്ത്രിമാരും മൻമോഹൻ സിംഗിന് ആദരവർപ്പിക്കാൻ വസതിയിൽ എത്തി. വിദേശത്തുള്ള മകൾ മടങ്ങിയെത്തിയ ശേഷം നാളെ രാവിലെ ഭൗതിക ദേഹം സംസ്‌കരിക്കും. വീട്ടിലെ പൊതുദർശനത്തിന് ശേഷം എഐസിസി ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും.
ഇന്നലെ രാത്രി 9.51 ഓടെ ആയിരുന്നു മൻമോഹൻ സിംഗിന്റെ മരണം സ്ഥിരീകരിച്ചത്. രാത്രി വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഏറെ നാളായി അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.
Discussion about this post